റഷ്യന്‍ ജനത പിന്തുണയ്ക്കുമോ, ആജീവനാന്ത നേതാവാകാന്‍ പുടിന്റെ പൊളിച്ചെഴുത്ത്?

Russia-PUTIN

രണഘടന പൊളിച്ചെഴുതി അധികാരത്തില്‍ പിടിച്ചുതൂങ്ങാനുള്ള തന്റെ മോഹത്തിന് റഷ്യന്‍ ജനത പിന്തുണയേകുമെന്ന പ്രതീക്ഷയില്‍ വ്‌ളാദിമര്‍ പുടിന്‍. പ്രസിഡന്റ് കാലാവധി അവസാനിക്കുമ്പോള്‍ തന്റെ ഭരണകാലാവധി നീട്ടിയെടുക്കാനാണ് പുടിന്റെ നീക്കങ്ങള്‍. തന്റെ വാര്‍ഷിക രാഷ്ട്ര അഭിസംബോധനയിലാണ് റഷ്യന്‍ പ്രസിഡന്റ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 2024ന് അപ്പുറത്തേക്ക് പുടിന്റെ ഭരണം നീളുന്ന സാഹചര്യത്തിനാണ് ഈ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കുന്നത്.

പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ് ഉള്‍പ്പെടെ റഷ്യന്‍ സര്‍ക്കാര്‍ അപ്പാടെ ഈ നീക്കങ്ങള്‍ക്ക് വഴിയൊരുക്കാനായി രാജിവെച്ചിരുന്നു. തന്റെ മാറ്റങ്ങള്‍ റഷ്യയിലെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് പുടിന്‍ വിശ്വസിക്കുന്നത്. രാഷ്ട്രപതിക്ക് പരമാധികാരം നല്‍കുന്നതിന് പകരം അധികാരം പാര്‍ലമെന്റിന് കൈമാറുന്നതാണ് തന്റെ ശ്രമങ്ങളെയാണ് പുടിന്റെ ന്യായീകരണം.

പുതിയ പ്രധാനമന്ത്രിയായി അധികം രാഷ്ട്രീയ പ്രശസ്തിയില്ലാത്ത 53കാരന്‍ മിഖായില്‍ മിഷുസ്തിനെയാണ് പുടിന്‍ നിര്‍ദ്ദേശിച്ചത്. റഷ്യന്‍ പാര്‍ലമെന്റ് ഈ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കി ഞെട്ടിക്കുകയും ചെയ്തു. സ്റ്റേറ്റ് ഡ്യൂമയില്‍ നടന്ന വോട്ടെടുപ്പില്‍ 424 വോട്ടുകളില്‍ 383 വോട്ട് അനുകൂലമായി ലഭിച്ചു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല, 41 പേര്‍ വിട്ടുനിന്നു.

ഉപദേശക സംഘമായ അഡൈ്വസറി കൗണ്‍സിലിന്റെ ശക്തി വര്‍ദ്ധിപ്പിച്ച് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനാണ് പുടിന്റെ ആഹ്വാനം. 2024ന് ശേഷം ഈ കൗണ്‍സിലില്‍ കയറി അധികാരം നിലനിര്‍ത്താനാണ് പുടിന്‍ തയ്യാറെടുക്കുന്നത്. ചൈനയില്‍ സീ ജിന്‍പിംഗ് ആജീവനാന്ത നേതാവായി നിലനില്‍ക്കാന്‍ കളിക്കുന്ന അതേ കളികളാണ് പുടിന്‍ റഷ്യയില്‍ പയറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Top