പുട്ടിൻ അതിർത്തിക്കപ്പുറത്തേക്ക്; സെലെൻസ്കിക്ക് ഇതൊന്നും കേൾക്കാൻ താൽപര്യമില്ലെന്ന് ബൈഡൻ

വാഷിങ്ടൻ: റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ യുക്രെയ്ൻ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആദ്യ യുക്രെയ്ൻ അധിനിവേശ സമയത്ത് റഷ്യൻ സേനകൾ യുക്രെയ്നെതിരെ ആക്രമണം അഴിച്ചുവിടുമെന്ന മുന്നറിയിപ്പ് യുഎസ് യുക്രെയ്നു നൽകിയിരുന്നു. എന്നാൽ പിന്നീട് കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ റഷ്യ യുഎസിനു താക്കീതു നൽകി. ഇപ്പോൾ യുദ്ധം പൂർണമായും യുക്രെയ്ന്റെ കിഴക്കൻ മേഖല കേന്ദ്രീകരിച്ചാണ്.

‘ഞാൻ എന്തോ അതിശയോക്തി പറയുകയാണെന്നാണ് കൂടുതൽ ആളുകളും വിചാരിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അതിർത്തിക്കപ്പുറത്തേക്കു പോകാൻ തയാറെടുക്കുകയാണെന്ന് അറിയിക്കുന്നത്. അതിൽ ഒരു സംശയവുമില്ല. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ഇതൊന്നും കേൾക്കാൻ താൽപര്യമില്ല’– ബൈഡൻ പറഞ്ഞു.

ദിവസേന നൂറിനും ഇരുന്നൂറിനും ഇടയിൽ യുക്രെയ്ൻ സൈനികരാണ് റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേശകൻ അറിയിച്ചു. മാത്രമല്ല വിദേശത്തുനിന്ന് കൂടുതൽ അത്യാധുനിക ആയുധങ്ങൾ എത്തിയെങ്കിൽ മാത്രമേ റഷ്യയെ നേരിടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Top