നുണകളുടെ സാമ്രാജ്യമാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍; വിമര്‍ശനവുമായി പുടിന്‍

മോസ്‌കോ: റഷ്യക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ച പടിഞ്ഞാറന്‍ രാജ്യങ്ങളെ വിമര്‍ശിച്ച് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. നുണകളുടെ സാമ്രാജ്യമാണ് പടിഞ്ഞാറന്‍ രാജ്യങ്ങളെന്നാണ് പുടിന്റെ പരാമര്‍ശം. നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യാന്‍ പുടിനും റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അമര്‍ഷം രേഖപ്പെടുത്തിയത്.

യുക്രെയ്‌ന് ആയുധ സഹായം നല്‍കാനുള്ള യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തെയും റഷ്യ വിമര്‍ശിച്ചു. റഷ്യയോടുള്ള വിദ്വേഷം മുഴുവന്‍ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ്.

അതേസമയം, അമേരിക്ക, ബ്രിട്ടണ്‍, കാനഡ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്. പുടിന് തന്നെ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് അമേരിക്ക അറിയിച്ചു. ആഗോള തലത്തില്‍ പുടിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള റഷ്യയിലെ ബാങ്കുകള്‍ക്ക് മേല്‍ യു.എസ് ഉപരോധം കൂടുതല്‍ ശക്തമാക്കി. സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ മാറ്റിനിര്‍ത്തുമെന്നും അമേരിക്ക അറിയിച്ചു.

Top