യുക്രൈനില്‍ സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിന്‍

മോസ്‌കോ: യുക്രെയിനില്‍ പട്ടാള അട്ടിമറി നടത്താന്‍ വ്‌ളാദിമിര്‍ പുടിന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന്‍ പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്.

സെലന്‍സ്‌കി സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തോട് ഞാന്‍ ആവശ്യപ്പെടുകയാണ്. യുക്രെയിന്‍ ഭരിക്കുന്നത് ഭീകരരും നവനാസികളും ലഹരിക്കടിമപ്പെട്ടവരുമാണ്. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാന്‍ യുക്രെയിനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുതെന്നും പുടിന്‍ ആഹ്വാനം ചെയ്തു.

പുടിന് പിന്നാലെ റഷ്യന്‍ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യുക്രെയിനെ സ്വതന്ത്ര്യമാക്കാന്‍ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം.

തന്നെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കാനാണ് പുടിന്റെ ശ്രമമെന്ന് നേരത്തെ യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു. തന്നെ വകവരുത്താനായി രണ്ട് സംഘങ്ങളെ റഷ്യ അയച്ചിട്ടുണ്ടെന്നും ഇവരുടെ ആദ്യത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബവുമാണെന്നും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് റഷ്യയുടെ പദ്ധതിയെന്നും സെലന്‍സ്‌കി തുറന്നടിച്ചിരുന്നു.

Top