അധികാര കസേരയില്‍ 25 വര്‍ഷം തികക്കും, റഷ്യയുടെ പുടിന്‍ ഞെട്ടിക്കുന്നത് ഇങ്ങനെ . . !

putin

മോസ്‌കോ: വ്ളാഡിമര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 76 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തിലെത്തിയത്.

തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ജയമുറപ്പിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയില്‍ പുടിന്‍ കാല്‍നൂറ്റാണ്ടു തികയ്ക്കും.

അനായാസമായാണ് പുടിന്‍ തന്റെ നാലാം തവണത്തെ പ്രസിഡന്റ് പദവിയിലേക്കും നടന്നുകയറിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി ഉണ്ടായില്ല. ഏഴു സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുണ്ടായിരുന്നെങ്കിലും ആരും കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. 12.89 ശതമാനം വോട്ട് മാത്രം നേടിയ പവല്‍ ഗ്രുഡിനിനാണ് പുടിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.

പുടിന്റെ പ്രധാന വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവല്‍നിക്കു കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായില്ല. അദ്ദേഹം തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലേറെ പോളിങ് നടന്നതായാണ് പ്രാഥമിക സൂചനകള്‍. പോളിങ് ശതമാനം താഴാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ നിര്‍ബന്ധപൂര്‍വം ബൂത്തുകളിലെത്തിച്ചതായി എതിരാളികള്‍ ആരോപിച്ചിരുന്നു. അതേസമയം, ഔദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ 74 ശതമാനത്തോളം വോട്ടുകള്‍ പുടിനു ലഭിക്കുമെന്നായിരുന്നു പ്രവചനം.

പ്രസിഡന്റ് പദത്തില്‍ ഇത് പുടിന്റെ നാലാമൂഴമാണ്. 2000-ത്തിലാണ് പുടിന്‍ റഷ്യയുടെ അമരത്തെത്തുന്നത്. പുതിയ നിയമം അനുസരിച്ച് ആറു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. അതിനാല്‍ 2024-വരെ പുടിന് പ്രസിഡന്റായി തുടരാം.

ഫലസൂചനകള്‍ പുറത്തുവന്നതോടെ നടത്തിയ റാലിയില്‍ പുടിന്‍ വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞു. ജനങ്ങളുടെ ഐക്യമാണ് തന്റെ ഈ വിജയത്തിനു പിന്നിലെന്നും, രാജ്യപുരോഗതിക്ക് ഈ ഐക്യം ആവശ്യമാണെന്നും പുടിന്‍ പറഞ്ഞു. ഓരോ റഷ്യക്കാരന്റെയും ഉറച്ച പിന്തുണയാണ് തനിക്ക് മുന്നോട്ടു സഞ്ചരിക്കാനുള്ള ഊര്‍ജ്ജമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Top