പുതുവൈപ്പ് ലാത്തിചാര്‍ജ് ; പൊലീസ് നടപടിക്കെതിരെ സിപിഐ രംഗത്ത്

CPI

കൊച്ചി: എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ പൊലീസ് നടപടിക്കെതിരെ സിപിഐ രംഗത്ത്.

ഡപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ കര്‍ശന നടപടിവേണം, മര്‍ദനത്തിന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയെന്നും ജില്ലാ സെക്രട്ടറി പി രാജു അറിയിച്ചു.

ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണിയുടെ നയമല്ല, പൊലീസിനെ നിയന്ത്രിക്കാനായില്ലങ്കില്‍ മുഖ്യമന്ത്രി തുറന്ന് പറയണമെന്നും രാജു പറഞ്ഞു.

വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. നാട്ടുകാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പുതുവൈപ്പില്‍ ഞായറാഴ്ച രാവിലെ മുതല്‍ നടന്ന എല്‍പിജി സംഭരണകേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്‌ളാന്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുവൈപ്പില്‍ കോണ്‍ഗ്രസ്സ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top