പുതുപ്പള്ളി വിടില്ല; പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി കുഞ്ഞൂഞ്ഞ്‌

കോട്ടയം: അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുന്നില്ല. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. ‘പുതുപ്പള്ളി വിടില്ലെന്ന്’ ഉമ്മന്‍ചാണ്ടിയുടെ മറുപടി.നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

എന്നാല്‍ നിലവിലെ പട്ടികയില്‍ തന്റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ദേശീയ, സംസ്ഥാനനേതൃത്വങ്ങള്‍ ഇടപെടില്ല. തന്റെ പേര് ആരും നേമത്ത് നിര്‍ദേശിച്ചിട്ടില്ല. പുതുപ്പള്ളിയില്‍ തന്റെ പേര് നിലവിലെ പട്ടികയില്‍ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു. ദില്ലിയില്‍ നിന്ന് ഇന്ന് രാവിലെയാണ് ഉമ്മന്‍ചാണ്ടി കൊച്ചിയിലെത്തിയത്.

അവിടെ നിന്ന് പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ചാണ്ടി, ആദ്യം പോയത് പള്ളിയിലേക്കാണ്. സാധാരണ ഞായറാഴ്ചകളിലാണ് ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ വരാറ്. ഇത്തവണ തിരുവനന്തപുരത്തേക്ക് പോകാതെ, ശനിയാഴ്ച തന്നെ അദ്ദേഹം മണ്ഡലത്തിലെത്തി. പള്ളിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് എത്തിയ ഉമ്മന്‍ചാണ്ടിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ വീട്ടിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

”ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ”, എന്നിങ്ങനെ മുദ്രാവാക്യവും, ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്‌ലക്‌സുമായി പ്രതിഷേധം തുടരുമ്പോള്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിനിടെ മുതിര്‍ന്ന നേതാക്കളായ കെ സി ജോസഫ് അടക്കമുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി.

ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ സ്റ്റീഫന്‍ എന്നയാള്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി പതാക വീശി പ്രതിഷേധിച്ചു. പല തവണ താഴേയ്ക്ക് ഇറങ്ങി വരാന്‍ ഉമ്മന്‍ചാണ്ടി സ്റ്റീഫനോട് പറഞ്ഞെങ്കിലും പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി പറയാതെ ഇറങ്ങിവരില്ലെന്ന് സ്റ്റീഫന്‍ നിര്‍ബന്ധം പിടിച്ചു. വീട്ടില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോള്‍ വലിയ പ്രതിഷേധവും നാടകീയസംഭവങ്ങളുമാണ് അരങ്ങേറിയത്.

 

Top