ഇന്ദിര തരംഗത്തെ അതിജീവിച്ചതു പോലെ, പുതുപ്പള്ളിയിലും സഹതാപ തരംഗത്തെ അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സി.പി.എം

കേരള രാഷ്ട്രീയം ഇപ്പോൾ പുതുപ്പള്ളിക്ക് ചുറ്റുമാണ് കറങ്ങുന്നത്. ഉമ്മൻ ചാണ്ടി 53 വർഷം പ്രതിനിധീകരിച്ച മണ്ഡലം അദ്ദേഹത്തിന്റെ വിയോഗം തീർത്ത സഹതാപ തരംഗത്താൽ എളുപ്പത്തിൽ നിലനിർത്താൻ കഴിയുമെന്നാണ് കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നത്. സഹതാപ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. എന്നാൽ ഏത് സഹതാപ തരംഗത്തെയും അട്ടിമറിച്ച് വിജയിക്കാനുള്ള ശേഷി ഇടതുപക്ഷത്തിനുണ്ടെന്നാണ് സി.പി.എം. നേതാക്കൾ അവകാശപ്പെടുന്നത്.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ചുവപ്പ് കോട്ടകൾ തകർന്നടിഞ്ഞപ്പോഴും കോട്ടയത്ത് ചെങ്കൊടി പാറിച്ച ചരിത്രമാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തെ തുടർന്നു 1984-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച മൂന്ന് ഇടതുപക്ഷ സ്ഥാനാർഥികളിൽ ഏക സിപിഎം പ്രതിനിധിയായിരുന്നു സുരേഷ് കുറുപ്പ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും കേരളാ സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന സുരേഷ് കുറുപ്പ് അന്നു കോട്ടയത്ത് നേടിയ അട്ടിമറി വിജയമാണ് ഇപ്പോൾ പുതുപ്പള്ളിയിലും സി.പി. എം പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്.

പുതുപ്പള്ളി മണ്ഡലത്തിനു കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ ആറിലും നിലവിൽ ഭരണം നടത്തുന്നത് ഇടതുപക്ഷമാണ്.കോട്ടയം താലൂക്കിലെ അകലുക്കുന്നം, അയർക്കുന്നം, കുരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട വാകത്താനം പഞ്ചായത്തും ചേർന്നതാണ് പുതുപ്പള്ളി മണ്ഡലം. സി.പി.എമ്മിന് നല്ല സംഘടനാ ശേഷിയുള്ള മണ്ഡലം കൂടിയാണിത്.

ഉമ്മൻചാണ്ടി അല്ലായിരുന്നു എതിരി എങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പുതുപ്പള്ളി ചുവക്കുമായിരുന്നു എന്നാണ് സി.പി.എം നേതാക്കൾ ചൂണ്ടിക്കാടുന്നത്. സാക്ഷാൽ ഉമ്മൻ ചാണ്ടി മത്സരിച്ചിട്ടു പോലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 9,044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ചിരുന്നത്. ഉമ്മൻ ചാണ്ടിക്ക് പകരം ചാണ്ടി ഉമ്മൻ വരുമ്പോൾ അതു കൊണ്ടു തന്നെ ഇടതുപക്ഷത്തിന് വിജയസാധ്യത കൂടുതലാണ് എന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ വലിയ പട തന്നെ പുതുപ്പള്ളിയിൽ പ്രചരണത്തിനായി എത്തും.

യു.ഡി.എഫിന്റെ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ വൻ സംഘത്തെയാണ് സിറ്റിംഗ് സീറ്റ് നിലനിർത്താൻ കോൺഗ്രസ്സും രംഗത്തിറക്കുന്നത്. ബി.ജെ.പിയും പരമാവധി വോട്ടുകൾ ശേഖരിച്ച് കരുത്ത് തെളിയിക്കാനാണ് ശ്രമിക്കുന്നത്. പ്രാദേശിക രാഷ്ട്രീയം മുതൽ സംസ്ഥാന രാഷ്ട്രീയം വരെ പ്രചരണ വിഷയമാകുന്ന തിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികളെ സംബന്ധിച്ചും പ്രധാനം തന്നെയാണ്. ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് രാഷ്ട്രീയ കേരളത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കില്ലങ്കിലും തോറ്റാൽ സ്ഥിതി മാറും.

53 വർഷം കോൺഗ്രസ്സ് കൈവശം വച്ച മണ്ഡലത്തിൽ പരാജയപ്പെട്ടാൽ രാഷ്ട്രീയപരമായി അത് യു.ഡി.എഫിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിനെയും ഇത്തരം ഒരു അപ്രതീക്ഷിത തിരിച്ചടി സ്വാധീനിക്കും. ഈ അപകടം തിരിച്ചറിഞ്ഞു തന്നെയാണ് സഹതാപ വോട്ടുകൾ നേടാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത്. ചാണ്ടി ഉമ്മന്റെ കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായം ആരും പറയാതിരുന്നതും പുതുപ്പള്ളിമണ്ഡലം കൈവിട്ട് പോകരുത് എന്നതു കൊണ്ടു മാത്രമാണ്.

അതേസമയം, ഇടതുപക്ഷത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് സുവർണ്ണാവസരമാണ്. ചാണ്ടി ഉമ്മൻ വിജയിച്ചാൽ സഹതാപ തരംഗത്താൽ വിജയിച്ചു എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ എളുപ്പത്തിൽ സി.പി.എമ്മിനു കഴിയും. എന്നാൽ, ഉമ്മൻചാണ്ടി ഇല്ലാത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർക്കു കഴിഞ്ഞാൽ പിണറായി സർക്കാറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളുടെ മുനകൂടിയാണ് അതോടെ ഒടിഞ്ഞു പോകുക. യു.ഡി.എഫ് ഘടക കക്ഷികൾക്കിടയിൽ പരിഭ്രാന്തി പരത്താനും പുതുപ്പള്ളിയിൽ അട്ടിമറി വിജയം നേടിയാൽ ഇടതുപക്ഷത്തിനു കഴിയും. ഒരു കാലത്തും കൈവിടാതെ ഉമ്മൻ ചാണ്ടിയോടൊപ്പം നിലകൊണ്ട പുതുപ്പള്ളിയിൽ ഇപ്പോൾ തന്നെ വൻ പ്രചരണങ്ങൾക്കും തുടക്കമായിട്ടുണ്ട്.

സി.പി.എം – കോൺഗ്രസ്സ് പ്രവർത്തകർ വാർഡ് തലം മുതലാണ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. ചാണ്ടി ഉമ്മനായി ചുവരെഴുത്തുമായി കോൺഗ്രസ്സ് പ്രവർത്തകർ മണ്ഡലത്തിൽ സജീവമാണ്. സി.പി.എം പ്രവർത്തകരാകട്ടെ സ്ഥാനാർഥി പ്രഖ്യാപനം വരും മുൻപ് തന്നെ ചുവരുകൾ ഉൾപ്പെടെ ബുക്ക് ചെയ്യുന്ന തിരക്കിലുമാണുള്ളത്. ബി.ജെ.പിയും അവരുടെ ശക്തി കേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ ശക്തി കേന്ദ്രമാണ് പുതുപ്പള്ളി. ഈഴവ – നായർ വിഭാഗങ്ങൾക്കും ഈ മണ്ഡലത്തിൽ മോശമല്ലാത്ത സ്വാധീനമുണ്ട്. ഇതിൽ യാക്കോബായ വിഭാഗം ഇടതുപക്ഷത്തിനു നൽകുന്ന പിന്തുണയാണ് കോൺഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി.

EXPRESS KERALA VIEW

Top