പുതുപ്പള്ളിയിൽ മത്സരം പ്രവചനാതീതം, എളുപ്പത്തിൽ ജയിക്കാനിറങ്ങിയവർ ജയ്ക്കിനു മുന്നിൽ വിയർക്കുന്നു

സെപ്തംബർ അഞ്ചിനു നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ നേതാക്കൾ തമ്മിലുള്ള വാക് പോരും ആരോപണങ്ങളും ഇപ്പോൾ കൂടുതൽ ശക്തമായിരിക്കുകയാണ്. കടുത്ത രാഷ്ട്രീയ മത്സരമാണ് മണ്ഡലത്തിൽ ദൃശ്യമാകുന്നത്. ഏറ്റവും ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുന്നോട്ടു പോയ കോൺഗ്രസ്സിനെ വൈകി വന്ന ഇടതുപക്ഷ സ്ഥാനാർത്ഥി വെള്ളംകുടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുതുപ്പള്ളിയിലെ വികസനത്തിൽ സംവാദത്തിന് തയ്യാറുണ്ടോയെന്ന് ആദ്യം വെല്ലുവിളി നടത്തിയത് ഇടതു സ്ഥാനാർത്ഥി ജെയ്ക്കാണ്.

ഈ ചോദ്യത്തിനു മുന്നിൽ ആദ്യമൊന്നു പകച്ച ചാണ്ടി ഉമ്മൻ പിണറായി വിജയൻ സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ചർച്ചക്കുണ്ടോയെന്ന മറുചോദ്യമാണ് ഉയർത്തിയത്. പുതുപ്പള്ളിയിലെ വികസനവും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും ഉന്നയിച്ച് സംവാദത്തിന് തയ്യാറാണെന്നു വ്യക്തമാക്കുക വഴി 53 വർഷം ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിലെ ഇപ്പോഴത്തെ അവസ്ഥയാണ് ഇടതുപക്ഷം ചർച്ചയാക്കാൻ ശ്രമിക്കുന്നത്. ഏതു തിരഞ്ഞെടുപ്പിലും ജനജീവിതം സംബന്ധിച്ച പ്രശ്നങ്ങളാണ് ചർച്ചയാകേണ്ടത്. രാഷ്ട്രീയ ലാഭത്തിന് വൈകാരികത ഉപയോഗിച്ചാൽ ജനം ശക്തമായ മറുപടി നൽകുമെന്നും ഇടതുസ്ഥാനാർഥി പറയുകയുണ്ടായി.

ഉമ്മൻ ചാണ്ടിയുടെ മരണവും വിലാപയാത്രയും സഹതാപ വോട്ടുകളാക്കി മാറ്റാനുള്ള കോൺഗ്രസ്സ് നീക്കത്തിനു തടയിടാനാണ് ഇത്തരമൊരു പ്രതിരോധം ഇടതുപക്ഷം ഉയർത്തിയിരിക്കുന്നത്. പുതുപ്പള്ളിയിലെ വികസനം സംബന്ധിച്ച് ജെയ്ക്ക് സംവാദത്തിന് വെല്ലുവിളിച്ചപ്പോൾ അത് ചാണ്ടി ഉമ്മൻ ഏറ്റെടുക്കാതിരുന്നത് യു.ഡി.എഫ് അണികളിലും ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ട ചർച്ചക്ക് തയ്യാറാണെന്ന നിലപാടാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പുതുപ്പള്ളിയിലെ വികസനവും പിണറായി സർക്കാറിന്റെ പ്രവർത്തനവും ഒരുമിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നാണ് ഇടതു നേതാക്കൾ പറയുന്നത്. ചാണ്ടി ഉമ്മൻ അതിനു സമ്മതിച്ചാൽ ജെയ്ക്കിനു ചർച്ചയിൽ പങ്കെടുക്കാൻ സി.പി.എം അനുമതി നൽകും.

എന്നാൽ ഇത്തരമൊരു ചർച്ച നടക്കുന്നത് ദോഷം ചെയ്യുമെന്ന അഭിപ്രായം കോൺഗ്രസ്സിൽ തന്നെ ശക്തമാണ്. മികച്ച പ്രാസംഗികൻ കൂടിയായ ജയ്ക്കിനു മുന്നിൽ ചാണ്ടി ഉമ്മന് എത്രമാത്രം പിടിച്ചു നിൽക്കാൻ കഴിയുമെന്ന കാര്യത്തിലാണ് ആ സംശയമുള്ളത്. അതുകൊണ്ടു തന്നെ റിസ്ക്ക് എടുക്കാതെ സഹതാപ വോട്ടുകൾ പെട്ടിയിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന ഉപദേശമാണ് മുതിർന്ന നേതാക്കൾ ചാണ്ടി ഉമ്മനു നൽകിയിരിക്കുന്നത്.

സഹതാപ തരംഗമുണ്ടായാൽ ചുരുങ്ങിയത് കാൽലക്ഷം വോട്ടുകൾക്കെങ്കിലും ചാണ്ടി ഉമ്മൻ ജയിക്കുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം അവകാശപ്പെടുത്. കോൺഗ്രസ്സിന്റെ മുഴുവൻ എം.പിമാരും എം.എൽ.എമാരും പുതുപ്പള്ളിയിൽ കേന്ദീകരിച്ച് പ്രവർത്തനം നയിക്കാനാണ് കെ.പി.സി.സി തീരുമാനം. പുതുപ്പള്ളിയിൽ വീണാൽ ഇതുവരെ പിണറായി സർക്കാറിനെതിരെ ഉയർത്തിയ സകല ആരോപണവും ആവിയായി പോകുമെന്നാണ് യു.ഡി.എഫ് നേതാക്കൾ ഭയക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനമുണ്ടാകും. മാത്രമല്ല “മൂന്നാമതും ഇടതുപക്ഷ സർക്കാർ” എന്ന പ്രചരണവും അതോടെ ശക്തമാകും. അങ്ങനെ സംഭവിച്ചാൽ അത് യു.ഡി.എഫ് ഘടക കക്ഷികളുടെ ആത്മവിശ്വാസത്തെ കൂടിയാണ് വല്ലാതെ ബാധിക്കുക. പത്തുവർഷം ഭരണത്തിൽ നിന്നും പുറത്തു നിൽക്കേണ്ടിവന്ന യു.ഡി.എഫിന് ഇനിയൊരു 5വർഷം കൂട്ടി പുറത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നതല്ല.

53 വർഷം കൈവശം വച്ച മണ്ഡലം സഹതാപ ആനുകൂല്യമുണ്ടായിട്ടും കൈവിട്ടാൽ പിന്നെ കേരളത്തിൽ ഏത് മണ്ഡലമാണ് സുരക്ഷിതമെന്ന ചോദ്യവും സ്വാഭാവികമായും കോൺഗ്രസ്സ് നേരിടേണ്ടി വരും. അതുകൊണ്ടു തന്നെ എന്തു വിലകൊടുത്തും ജയിക്കുക എന്നത് കോൺഗ്രസ്സിനെ സംബന്ധിച്ച് നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. മാധ്യമങ്ങളും പ്രതിപക്ഷവും സൃഷ്ടിച്ച ഇടതുപക്ഷവിരുദ്ധ വാർത്താ പ്രളയത്തിന്റെ യഥാർത്ഥ റിസൾട്ടും പുതുപ്പള്ളിയിലാണ് നാം കാണാൻ പോകുന്നത്.

ഇതിനിടെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ അപായപ്പെടുത്താൻ ശ്രമം നടന്നതായ ഒരു വാർത്തയും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാണ്ടി ഉമ്മൻ സഞ്ചരിക്കുന്ന വാഹനത്തിന്റെ വീൽനട്ടുക ഇളകിമാറിയ നിലയിൽ കണ്ടെത്തിയതിലാണ് യു.ഡി.എഫ് നേതാക്കൾ അപകടം മണക്കുന്നത്. വാഹനത്തിന്റെ ഒരു വശത്തെ നാല് വീല്‍നട്ടുകളും ഇളകിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇത് ഗൗരവമുള്ള കാര്യമാണെന്നും കോൺഗ്രസ്സ് നേതാക്കൾ പറയുമ്പോൾ അതിനെ ഗൗരവത്തോടെ തന്നെ പൊലീസും കാണേണ്ടതുണ്ട്.

കാരണം ഒരുവശത്തെ നാല് വീൽ നട്ടുകളും ഇളകുക എന്നത് അസ്വാഭാവികം തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ കോൺഗ്രസ്സുകാരുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമുള്ള വാഹനത്തിൽ ആരാണ് കൈവെച്ചതെന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്.

ഞായറാഴ്ച വൈകീട്ട് സി.എം.എസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് വാഹനത്തിന്റെ വീൽനട്ട് ഇളകിയത് ശ്രദ്ധയിൽപെട്ടിരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ഡ്രൈവറാണ് ഇത് കണ്ടിരുന്നത്. തുടർന്ന് വാഹനത്തിലുള്ളവർ പുറത്തിറങ്ങി നട്ടുകൾ മുറുക്കിയാണ് പിന്നീട് യാത്ര തുടർന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും അപ്പോൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടതെന്നും പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ച് ദുരൂഹത നീക്കണമെന്നുമാണ് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വഴി നീളെ ക്യാമറ കണ്ണുകളുള്ള ഈ കാലത്ത് ദുരൂഹത അകറ്റാൻ ആവശ്യമായ നടപടി ഉടൻ തന്നെ പൊലീസ് കൈ കൊണ്ടില്ലങ്കിൽ മറ്റു പല പ്രചരണങ്ങൾക്കാണ് ഈ സംഭവവും വഴി വയ്ക്കുക. അത് സംഭവിക്കാൻ പാടുള്ളതല്ല.

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ടുകൾ ഇളക്കി വച്ച് അപകടമുണ്ടാക്കേണ്ട ഒരു സാഹചര്യവും ഇടതുപക്ഷത്തിന് എന്തായാലും ഇല്ല. ഇത്തരം വാർത്തകൾ സൃഷ്ടിച്ച് ഇടതുപക്ഷത്തെ താറടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ഉണ്ടാക്കിയ തിരക്കഥയാണെങ്കിൽ അതും പുറത്തു വരേണ്ടതുണ്ട്. മാന്യമായ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയിൽ നടക്കേണ്ടത്. അതിനു വിഘാതമാകുന്ന പ്രവർത്തി ആരുടെ ഭാഗത്തു നിന്നുണ്ടായാലും തീർച്ചയായും. . . അത് എതിർക്കപ്പെടേണ്ടതു തന്നെയാണ്.

EXPRESS KERALA VIEW

Top