പുതുപ്പള്ളിയിൽ മത്സരം വേറെ ലെവൽ, വികസനവും സംസ്ഥാന രാഷ്ട്രീയവും കത്തിപ്പടർന്ന പ്രചരണവും ശക്തം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിരിക്കുകയാണ്. പ്രചരണത്തിൽ യു.ഡി.എഫും ഇടതുപക്ഷവും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ബി.ജെ.പിയും അവരുടെ ശക്തി കേന്ദ്രങ്ങളിൽ സജീവമാണ്. നിലവിലെ രാഷ്ട്രീയ പാർട്ടികൾക്ക് ബദൽ എ.എ.പിയാണെന്ന് അവകാശപ്പെട്ട് എ.എ.പി സ്ഥാനാർത്ഥിയും പ്രചരണം കടുപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കൂടി ആയപ്പോൾ പുതുപ്പള്ളി ശരിക്കും ഇപ്പോൾ തിളച്ചു മറിയുകയാണ്.

ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടിലേറെ കാലം കൈവശം വച്ച മണ്ഡലം നിലനിർത്താൻ മകനായ ചാണ്ടി ഉമ്മൻ ശരവേഗത്തിലാണ് മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. അദ്ദേഹത്തെ സഹായിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ സകല ജനപ്രതിനിധികളും നേതാക്കളും മണ്ഡലത്തിൽ സജീവമാണ്. സഹതാപ തരംഗത്തിലാണ് യു.ഡി.എഫ് പ്രധാനമായും പ്രതീക്ഷയർപ്പിക്കുന്നത്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചാണ് യു.ഡി.എഫ് പ്രചരണം പ്രധാനമായും മുന്നോട്ടു പോകുന്നത്.

അതേസമയം, ഇടതുപക്ഷമാകട്ടെ വികസനമാണ് പ്രധാന പ്രചരണ ആയുധമാക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി കുത്തകയാക്കിവച്ച മണ്ഡലത്തിൽ എന്തു വികസനമാണ് നടന്നതെന്ന് എണ്ണിയെണ്ണി ചോദിച്ചാണ് ഇടതുപക്ഷ പ്രചരണം മുന്നോട്ടു പോകുന്നത്. ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും വലിയ വിജയ പ്രതീക്ഷയിലാണ് ഉള്ളത്. രണ്ടു തവണ പരാജയപ്പെട്ട മണ്ണിൽ ഇത്തവണ യഥാർത്ഥ സഹതാപ തരംഗം ജയ്ക്കിന് അനുകൂലമായാണ് വീശുക എന്നാണ് സി.പി.എം നേതാവ് എം.എം മണിയും വ്യക്തമാക്കിയിരിക്കുന്നത്. എം എം മണിയുടെ ഈ വാക്കുകളും തിരഞ്ഞെടുപ്പ് പ്രചരണത്തെ ചൂട് പിടിപ്പിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച വിവാദങ്ങളും കുടുംബ യോഗങ്ങളിൽ ശക്തമാണ്. ഇതിന് തിരികൊളുത്തിയതും എം.എം. മണി തന്നെയാണ്. ഉമ്മൻചാണ്ടിയുടെ സഹോദരൻ ഉന്നയിച്ച ആരോപണമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ഈ പ്രചരണത്തിനെതിരെ രംഗത്തു വന്ന കോൺഗ്രസ്സ് നേതാക്കളോട് മുഖ്യമന്ത്രിക്ക് പരാതിനൽകിയത് ആരാണെന്ന മറു ചോദ്യം ഉയർത്തിയാണ് സി.പി.എം. നേരിടുന്നത്. ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഇളയ സഹോദരനായ അലക്സ് ചാണ്ടി ഉൾപ്പെടെ 42 ബന്ധുക്കമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്.

ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നത് ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാണ്. ഉമ്മൻചാണ്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി വീണാ ജോർജിനും അയച്ച നിവേദനത്തിൽ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് വിഷയത്തിൽ ഇടപെട്ട സർക്കാർ വിദഗ്ദർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡിന് രൂപം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് കുടുംബയോഗങ്ങളിൽ കത്തിപ്പടരുന്നത്.

ഇടതു സ്ഥാനാർത്ഥി ജെയ്ക്കിനെതിരെ ചില ആരോപണങ്ങൾ യു.ഡി.എഫ് പ്രൊഫൈലുകളിൽ ശക്തമായതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവും പ്രചരണ രംഗത്ത് ശക്തിപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയവും വികസനവും കടന്ന് വ്യക്തിപരമായ കടന്നാക്രമണങ്ങളിലേക്ക് വരെ വഴിമാറിപ്പോകുന്ന തിരഞ്ഞെടുപ്പിൽ ‘വിജയം’ എന്നതിനപ്പുറും മറ്റൊന്നും തന്നെ ഇടതുപക്ഷവും യു.ഡി.എഫും ചിന്തിക്കുന്നില്ല. പുതുപ്പള്ളി കൈവിട്ടാൽ സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിന്റെ നിലനിൽപ്പു തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.

ഉമ്മൻചാണ്ടി മരണപ്പെട്ട് അധികം താമസിയാതെ തന്നെ നടക്കുന്ന തിരഞ്ഞെടുപ്പിൽ തോറ്റാൽ പാർട്ടിയിൽ വി.ഡി. സതീശന്റെയും കെ.സുധാകരന്റെയും കസേരകൾക്കു കൂടിയാണ് ഇളക്കം തട്ടുക. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് മണ്ഡലത്തിൽ തമ്പടിച്ച് ഈ നേതാക്കൾ പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തിരിക്കുന്നത്. മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയും ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമാണ്. ഇക്കാര്യത്തിൽ ശക്തമായ പരാതി ഇടതുപക്ഷ നേതാക്കൾക്കുമുണ്ട്.

ജെയ്ക്ക് സി തോമസിനെ തോൽപ്പിക്കാൻ മനപൂർവ്വം ഇടതുപക്ഷത്തിനെതിരെ പ്രമുഖ മാധ്യമങ്ങൾ കള്ള പ്രചരണം നയിക്കുകയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങളെ തുറന്നു കാട്ടാൻ സി.പി.എം പ്രവർത്തകർ പ്രധാനമായും ആശ്രയിക്കുന്നത് കുടുംബ യോഗങ്ങളെയാണ്. സ്ത്രീകളുടെ വലിയ ഒരു നിരയെ ജെയ്ക്കിന് അനുകൂലമായി രംഗത്തിറക്കാൻ കഴിഞ്ഞതും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.

പുതുപ്പള്ളിയുടെ വികസനം പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നതിലും ഇടതുപക്ഷം വിജയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ കണക്കുകളും ഇടതുപക്ഷത്തിന് അനുകൂലമാണ്. നിലവില്‍ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളില്‍ ആറിലും ഭരണം ഇടതുപക്ഷത്തിനൊപ്പമാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സാന്നിധ്യവും ഇടതുപക്ഷത്തിന് ഗുണകരമാണ്. ഈ ഘടകങ്ങളെല്ലാമാണ് 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വലിയ തോതിൽ ഇടിവ് വരുത്തിയിരുന്നത്. സഹതാപ തരംഗം ഏശിയില്ലങ്കിൽ ഇത്തവണ തീർച്ചയായും ഒരു അട്ടിമറിക്കുള്ള എല്ലാ സാധ്യതയുമുണ്ട്.

ഉമ്മന്‍ ചാണ്ടിയില്ലാതെ നടന്ന പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലം തന്നെയാണ് പുതുപ്പള്ളിയെന്ന് വ്യക്തമാണ്. ഉമ്മൻ ചാണ്ടിക്ക് മുൻപ് ആ മണ്ഡലത്തിൽ വിജയിച്ചതും ഇടതുപക്ഷ സ്ഥാനാർത്ഥിയാണ്. ഇപ്പോൾ കേരള കോൺഗ്രസ്സു കൂടി മുന്നണിയിൽ എത്തിയപ്പോൾ മണ്ഡലത്തിലെ ഇടതിന്റെ കരുത്തും വർദ്ധിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഇല്ലായിരുന്നു എങ്കിൽ എത്രയോ മുൻപു തന്നെ ചുവപ്പണിയുമായിരുന്ന മണ്ഡലമായിരുന്നു പുതുപ്പള്ളി. മാറിയ സാഹചര്യത്തിൽ ഇത്തവണ ജെയ്ക്ക് ജയിക്കുമെന്ന് ഇടതുപക്ഷം ഉറപ്പിക്കുന്നതും ഈ കണക്കുകൾ മുൻ നിർത്തി തന്നെയാണ്.

പുതുപ്പള്ളി പിടിച്ചാൽ അത് സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടമായാണ് ചിത്രീകരിക്കപ്പെടുക. ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മാത്രമല്ല യു.ഡി.എഫിനെ പിളർത്താൻ വരെ അതുവഴി ഇടതുപക്ഷത്തിനു കഴിയും. അഥവാ പുതുപ്പള്ളിയിൽ ഇടതുപക്ഷം പരാജയപ്പെട്ടാൽ പോലും അതൊരിക്കലും രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുകയില്ല. കാരണം “53 വർഷം കോൺഗ്രസ്സ് കൈവശം വച്ച മണ്ഡലം, സഹതാപ തരംഗത്തിൽ വീണ്ടും അതിന്റെ ചരിത്രം ആവർത്തിച്ചു” എന്നു പറഞ്ഞ് പരാജയത്തെ നിസ്സാരവൽക്കരിക്കാനും ഇടതുപക്ഷത്തിന് എളുപ്പത്തിൽ സാധിക്കും. എന്നാൽ യു.ഡി.എഫിന്റെ അവസ്ഥ അതല്ല.

പുതുപ്പള്ളിയിൽ തോറ്റാൽ അവരുടെ ഒരു ന്യായീകരണവും വിലപ്പോവുകയില്ല. ഉമ്മൻചാണ്ടി ഇല്ലാത്തതിനാൽ പരാജയപ്പെട്ടു എന്നു പറയാൻ പോലും കഴിയുകയില്ല. അങ്ങനെ പറഞ്ഞാൽ അത് ലോകസഭ – നിയമസഭാ തിരഞ്ഞെടുപ്പുകളെയും ബാധിക്കും. സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയ്ക്ക് ഒരു തകർച്ചയും ഉണ്ടായിട്ടില്ലന്ന് സി.പി.എമ്മിനു തെളിയിക്കാൻ പുതുപ്പള്ളിയിലെ ഒറ്റ വിജയം മാത്രം മതിയാകും. ഇത് മറ്റാരേക്കാളും നന്നായി അറിയാവുന്നതും കോൺഗ്രസ്സ് നേതാക്കൾക്കു തന്നെയാണ്. അതു കൊണ്ടാണ് പുതുപ്പള്ളിയിലെ പ്രാദേശിക വിഷയങ്ങൾ ചർച്ചയാക്കാതെ മാധ്യമങ്ങൾ സൃഷ്ടിച്ച വിവാദങ്ങൾ ചർച്ചയാക്കാൻ അവർ തയ്യാറായിരിക്കുന്നത്…

EXPRESS KERALA VIEW

Top