പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, റെക്കോർ‍ഡ് പോളിംഗ് എന്ന് വിലയിരുത്തൽ

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ മുതൽ കണ്ട പോളിംഗ് ബുത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. ഏറ്റവുമൊടുവിൽ മണർകാട് 88 ബൂത്തിലെ വരിയിൽ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്തതോടെയാണ് ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ കണ്ടെത്താനുള്ള പുതുപ്പള്ളി ജനതയുടെ വിധിയെഴുത്ത് അൽപ്പ സമയം മുമ്പ് പൂർത്തിയായത്. നിലവിലെ സൂചനകൾ പ്രകാരം പുതുപ്പള്ളിയിൽ ഇക്കുറി റെക്കോർ‍ഡ് പോളിംഗ് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികളെല്ലാം.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്.

Top