ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി

വയനാട് : വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി. ദുരന്തബാധിതരായ കുടുംബങ്ങളെ ഒരുമിച്ച് മാറ്റി പാര്‍പ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ പുത്തുമലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കള്ളാടിയിലണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്.

ഭൂമി ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം പരിശോധന നടത്തി വാസയോഗ്യമാണെന്നുറപ്പുവരുത്തിയിട്ടുണ്ട്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ഭൂമി വാങ്ങുന്നത്. 103 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിതാമസിപ്പിക്കേണ്ടത്. ഇതില്‍ കുറച്ചുപേര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പകരം പുത്തുമല ചൂരല്‍മല പ്രദേശങ്ങളിലെ മറ്റു കുടുംബങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

ആധുനിക രീതിയില്‍ പ്രകൃതിയനുകൂല നിര്‍മാണ സാമഗ്രികളുപയോഗിച്ചുള്ള ടൗണ്‍ഷിപ്പാണ് നിര്‍മിക്കുക. എട്ട് മാസത്തിനകം നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ദുരന്തബാധിതര്‍ക്ക് വീടുകള്‍ കൈമാറാനാകുമെന്നും അധികൃതര്‍ പറയുന്നു.

Top