പുത്തുമല ഉരുള്‍പൊട്ടല്‍: അവസാനമായി കണ്ടെത്തിയ മൃതദേഹം ഷൈലയുടേത്

കല്‍പ്പറ്റ: വയനാട് പുത്തുമലയില്‍ അവസാനം കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു.പുത്തുമല സുവര്‍ണ്ണയില്‍ ലോറന്‍സിന്റെ ഭാര്യ ഷൈലയുടേതാണ് മൃതദേഹം. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

ഇന്ന് തന്നെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ് ബന്ധുക്കള്‍. ഫലം ഔദ്യോഗികമായി ഇന്നാണ് അധികൃതര്‍ പുറത്തുവിട്ടത്. മേപ്പാടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍.

പുത്തുമലയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കയച്ചത്.

അതേസമയം, പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ മറ്റ്‌ അഞ്ച് പേര്‍ക്കായുള്ള തെരച്ചില്‍ ഔദ്യോഗികമായി നേരത്തെ അവസാനിപ്പിച്ചിരുന്നു

Top