പുത്തുമലയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍; രക്ഷാപ്രവര്‍ത്തനം അവതാളത്തില്‍

കല്‍പറ്റ: കനത്ത മഴയില്‍ ഉരുള്‍ പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ പ്രദേശത്ത്‌വീണ്ടും മലവെള്ളപ്പാച്ചില്‍. മഴ കോരിച്ചൊരിയുന്നതിനാല്‍ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം ഇന്ന് ഇതുവരെ തുടങ്ങാനായിട്ടില്ല. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എത്രപേര്‍ മണ്ണിനടിയിലുണ്ടെന്ന് ഇനിയും വ്യക്തതയില്ല. 10 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കേന്ദ്രസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയായിരുന്നെങ്കിലും ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമായതിനെ തുടര്‍ന്ന് പ്രദേശമാകെ വീണ്ടും കുത്തിയൊലിക്കുകയാണ്. സമീപപ്രദേശങ്ങളില്‍നിന്ന് താമസക്കാരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി.

അഗ്നിരക്ഷാസേനയെക്കൂടാതെ എണ്‍പതോളം എന്‍.ഡി.ആര്‍.എഫ്., ഡി.എസ്.സി. സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തിയിരുന്നത്. പ്രദേശത്ത് തുടരുന്ന കനത്തമഴയെ തുടര്‍ന്ന് തത്ക്കാലത്തേക്ക് തിരച്ചില്‍ നിര്‍ത്തി. കള്ളാടി ഇറിഗേഷന്‍ റെയ്ഞ്ച് സ്റ്റേഷന്റെ കണക്കുപ്രകാരം പുത്തുമലയില്‍ വെള്ളിയാഴ്ച 550 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.

Top