കോൺഗ്രസ്സിനെ ‘ബി.ജെ.പിയാക്കാൻ’ കേരളത്തിലും കരുനീക്കം സജീവം . . .

ന്നത്തെ കോണ്‍ഗ്രസ്സ് തന്നെയാണ് നാളത്തെ ബി.ജെ.പി. പുതുച്ചേരി ഒരിക്കല്‍ കൂടി ഇപ്പോള്‍ അക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഒരു എംഎല്‍എ കൂടി രാജിവച്ചതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുളള നാരായണസ്വാമി സര്‍ക്കാരിന് കേവലഭൂരിപക്ഷമാണ് നഷ്ടമായിരിക്കുന്നത്. രാഹുല്‍ ഗാന്ധി കാലു കുത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ഈ കാലുമാറ്റമെന്നതും ശ്രദ്ധേയമാണ്. ഇതോടെ, നാലു കോണ്‍ഗ്രസ്സ് എം.എല്‍.എമാരാണ് ഇതുവരെ പുതുച്ചേരിയില്‍ കാവിയണിഞ്ഞിരിക്കുന്നത്. ഇവര്‍ക്കൊപ്പം നേതാക്കളുടെ വന്‍ പടയും ബി.ജെ.പിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

കാമരാജ് നഗര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ.ജോണ്‍കുമാര്‍ ആണ് ഒടുവില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി ജോണ്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹവും മറ്റു സഹപ്രവര്‍ത്തകരുടെ പാതയില്‍ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ പുതുച്ചേരിയുടെ മതനിരപേക്ഷ രാഷ്ട്രീയമാണ് മാറാന്‍ പോകുന്നത്. പുതുച്ചേരിയെ സംബന്ധിച്ച് വലിയ ജനപിന്തുണയുളള നേതാവായാണ് ജോണ്‍കുമാര്‍ വിലയിരുത്തപ്പെടുന്നത്. ആകെ 33 സാമാജികരുളള പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണയാണ് വേണ്ടത്. ആരോഗ്യമന്ത്രി മല്ലവി കൃഷ്ണറാവു ഉള്‍പ്പടെ നാല് എംഎല്‍എമാര്‍ ഇതിനകം തന്നെ നാരായണസ്വാമി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച് രാജിവച്ചു കഴിഞ്ഞിട്ടുണ്ട്. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ഇപ്പോള്‍ നാരായണസ്വാമി സര്‍ക്കാറിനെ പിന്തുണക്കുന്നത്.

പ്രതിപക്ഷമായ എന്‍.ആര്‍ കോണ്‍ഗ്രസ്-എഡിഎംകെ സഖ്യത്തില്‍ 14 എംഎല്‍എമാരാണുളളത്. ഇതോടെ, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇപ്പോള്‍ 14 വീതം സീറ്റുകളായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കുവാനാണ് എന്‍.ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്‍.ആര്‍ രംഗസ്വാമിയുടെ തീരുമാനം. കോണ്‍ഗ്രസ്സ് വിമതരെ ഒപ്പം കൂട്ടി ഭരണം പിടിക്കുക എന്നതിനാണ് ബി.ജെ.പിയും പ്രാധാന്യം നല്‍കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആ സ്വപ്നം സാധ്യമാകുമെന്നു തന്നെയാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. സീറ്റു വിഭജനത്തില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നതാണ് കോണ്‍ഗ്രസ്സ് വിമതരുടെ പ്രധാന വാദം. വിമത നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രണ്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. ഇപ്പോള്‍ ആ സംഖ്യ നാലായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാകാന്‍ ചരടുവലി നടത്തിയ നമശിവായമാണ് സര്‍ക്കാരിനെതിരായ വിമത നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്.

പുതുച്ചേരി മന്ത്രിയായിരുന്ന നമശിവായത്തെ മുന്‍ നിര്‍ത്തി തന്നെയാണ് ബി.ജെ.പിയും കരുക്കള്‍ നീക്കുന്നത്. കോണ്‍ഗ്രസ്സിന്റെ
അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനകം തന്നെ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ മുന്‍ നിയമസഭാംഗം ഇ തീപയ്ന്തന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഇകംബരന്‍, എ.വി വീരരാഘവന്‍, വി. കണ്ണമ്പിരന്‍, സ്റ്റേറ്റ് സെക്രട്ടറിമാരായ എസ്.കെ സമ്പത്ത്, എസ്. സാംരാജ് എന്നിവരും ഉള്‍പ്പെടുന്നുണ്ട്. ഇതിനു പുറമെ, നിരവധി പേര്‍ കൂറു മാറാന്‍ റെഡിയായും നില്‍ക്കുകയാണ്. ഏഴ് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തതായി പി.സി.സി അധ്യക്ഷന്‍ എ.വി സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍മന്ത്രി നമശ്ശിവായവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരെയും നടപടിയെടുക്കാനാണ് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിരിക്കുന്നത്. നമശിവായത്തോടൊപ്പം ഒസുഡു മണ്ഡലത്തിലെ എം.എല്‍.എ.യായ ദീപാഞ്ജനും മുന്‍പ് തന്നെ രാജിവെച്ചിട്ടുണ്ട്. ഇപ്പോള്‍ ജോണ്‍കുമാര്‍ കൂടി രാജിവച്ചതോടെ കോണ്‍ഗ്രസ്സിന്റെ അടിത്തറയാണ് പുതുച്ചേരിയില്‍ തകര്‍ന്നിരിക്കുന്നത്. ഇവിടെ പിഴച്ചിരിക്കുന്നത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനാണ്. സ്വന്തം നേതാക്കളെ ഒരുമിച്ച് നിര്‍ത്തുന്ന കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് ഹൈക്കമാന്റിനു പറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി നാരായണ സ്വാമിയുമായുള്ള വിമതരുടെ തര്‍ക്കം ഇടപെട്ട് പരിഹരിച്ചിരുന്നു എങ്കില്‍ ഒരു പരിധിവരെ പിളര്‍പ്പിന്റെ ആഘാതം കുറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല.

എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധി മാത്രമല്ല, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വലിയ പരാജയമായാണ് ഒരിക്കല്‍ കൂടി മാറിയിരിക്കുന്നത്. ഗോവ, കര്‍ണ്ണാടക, മധ്യപ്രദേശ് ഭരണങ്ങള്‍ കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടതും പാര്‍ട്ടിയിലെ പിളര്‍പ്പുമൂലമാണ്. രാജസ്ഥാന്‍ പിടിച്ചു നിന്നത്. മുഖ്യമന്ത്രി അശോക് ഗെലാട്ടിന്റെ കഴിവു കൊണ്ടു മാത്രമാണ്. ഇവിടെയും ഹൈക്കമാന്റ് നോക്കുകുത്തിയായിരുന്നു. രാഹുലിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സച്ചിന്‍ പൈലറ്റിനെ തളയ്ക്കാന്‍ പറ്റിയതാണ് ഗെലോട്ടിന്റെ വിജയം.

ജോതിരാദിത്യ സിന്ധ്യയുടെ വഴിയേയുള്ള സച്ചിന്റെ യാത്രയ്ക്ക് തല്‍ക്കാലം റെഡ് സിഗ്‌നല്‍ ഉയര്‍ന്നെങ്കിലും അവസരം കിട്ടിയാല്‍ ഇനിയും രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ബി.ജെ.പി ശ്രമിക്കുക തന്നെ ചെയ്യും. ഇക്കാര്യം ബി.ജെ.പി നേതാക്കളും വ്യക്തമാക്കി കഴിഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമുല്‍ എം.എല്‍.എമാരെയും മന്ത്രിമാരെയും കാവിയണിയിച്ചാണ് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഇതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ പുതുച്ചേരിയിലും നടപ്പാക്കി കൊണ്ടിരിക്കുന്നത്. കേരളത്തിലെ മാഹി കൂടി ഉള്‍പ്പെടുന്നതാണ് പുതുച്ചേരി എന്നതിനാല്‍ അവിടുത്തെ ഓരോ ചലനങ്ങളെയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഗൗരവമായാണ് വീക്ഷിക്കുന്നത്.

കോണ്‍ഗ്രസ്സ് എം.എല്‍.എമാരും നേതാക്കളും പുതുച്ചേരിയില്‍ കാവിയണിയുന്നതിനെ ആശങ്കയോടെയാണ് കെ.പി.സി.സി നേതൃത്വവും ഉറ്റുനോക്കുന്നത്. ഇന്നു പുതുച്ചേരിയില്‍ നടക്കുന്നത് നാളെ കേരളത്തിലെ കോണ്‍ഗ്രസ്സിലും നടക്കുമെന്നാണ് സി.പി.എമ്മും ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കുക എന്നതിനു അര്‍ത്ഥം, ബി.ജെ.പിക്ക് എം.എല്‍.എമാരെ നല്‍കുക എന്നതാണെന്നതാണ് ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ്. കെ.പി.സി.സി മുന്‍ അംഗവും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി.രാമന്‍ നായര്‍, മുന്‍ എം.എല്‍.എ എപി അബ്ദുള്ളക്കുട്ടി എന്നിവരാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയില്‍ ചേക്കേറിയ പ്രമുഖര്‍. ഇതില്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റാക്കിയാണ് നിയമിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ള ഒരു ചൂണ്ടയാണ്. ഇത്തവണ യു.ഡി.എഫിനു ഭരണം കിട്ടിയാലും ഇല്ലങ്കിലും കോണ്‍ഗ്രസ്സ് ജനപ്രതിനിധികളെ ഉള്‍പ്പെടെ അടര്‍ത്തിമാറ്റാനാണ് ബി.ജെ.പിയുടെ തീരുമാനം.

മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം തന്നെയാണ് കേരളത്തിലും പയറ്റാന്‍ കാവിപ്പട ഒരുങ്ങുന്നത്. അതിനു അവര്‍ക്കു ആത്മവിശ്വാസം നല്‍കുന്നതാണ് പുതുച്ചേരിയിലെ ഇപ്പോഴത്തെ കാലുമാറ്റം. ബി.ജെ.പിയുടെ പുതിയ നീക്കത്തിന് ആര്‍.എസ്.എസും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ആര്‍.എസ്.എസിനു രാജ്യത്ത് തന്നെ ഏറ്റവും അധികം ശാഖകളും ബലിദാനികളും ഉള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ബി.ജെ.പി നേതൃത്വത്തില്‍ ഒരു സര്‍ക്കാറുണ്ടായി കാണുക എന്നത് മോഹന്‍ ഭാഗവതിന്റെ മാത്രമല്ല, നരേന്ദ്ര മോദിയുടെയും സ്വപ്നമാണ്. കേരളം പിടിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ കാവിവല്‍ക്കരണം പൂര്‍ത്തിയാകുമെന്നാണ് അവരുടെ കണക്കു കൂട്ടല്‍. കമ്യൂണിസ്റ്റുകളെ അടര്‍ത്തിയെടുക്കല്‍ നടക്കാത്ത കാര്യമായതിനാലാണ് കോണ്‍ഗ്രസ്സിനെ തന്നെ ഇവിടെയും ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്നത്.

Top