അധികാരത്തിലെത്തിയാല്‍ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: പുഷ്കർ സിംഗ് ധാമി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഉത്തരാഖണ്ഡില്‍ ഇത് നടപ്പിലാക്കുമെന്നും ധാമി പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരുന്നതിലൂടെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നേടാന്‍ സഹായകരമാവുമെന്നും, വിവാഹം, വിവാഹമോചനം, ക്രയവിക്രയം എന്നിവയില്‍ ഏകീകൃത സ്വഭാവം കൈവരുമെന്നും ധാമി പറഞ്ഞു. സംസ്ഥാനത്ത് നിയമം നടപ്പിലാക്കുന്നതോടുകൂടി സാമൂഹിക ഐക്യം വര്‍ധിക്കുമെന്നും, ലിംഗനീതി ഉറപ്പാവുമെന്നും, സ്ത്രീ ശാക്തീകരണം നടക്കുമെന്നും ധാമി പറയുന്നു.

സമൂഹത്തിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ തുല്യതയുള്ള നിയമം എന്ന ആശയം അവതരിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44-ലേക്കുള്ള ഫലപ്രദമായ ചുവടുവയ്പ്പ് കൂടിയാണിതെന്ന് ധാമി വ്യക്തമാക്കി.

 

 

Top