പുരുഷപ്രേതം സംവിധായകന്‍ കൃഷാന്ദ് ഒരുക്കുന്ന അടുത്ത മമ്മൂട്ടി ചിത്രം വരുന്നു; ജൂലായില്‍ ചിത്രീകരണം ആരംഭിക്കും

വാസവ്യൂഹം, പുരുഷപ്രേതം എന്നീ നിരുപക പ്രശംസ നേടിയ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ചിത്രത്തില്‍ മമ്മൂട്ടി. ഏറെ നാളുകളായി നടന്റെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. ജൂലായില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അതിന് മുന്‍പ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന വേഷം ചെയ്യുന്നത്.

കഥകള്‍ തെരഞ്ഞെടുക്കുന്ന വൈവിദ്ധ്യം ആണ് കൃഷാന്ദ് സിനിമകളുടെ പ്രത്യേകത. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അണിനിരക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നത്. യുഎസിലും യു കെയിലും ഡല്‍ഹിയിലുമാണ് ചിത്രീകരണം. വന്‍ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് മൂന്ന് മാസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

അതേസമയം, വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ പിന്നാലെയാണ് നടന്‍ ഇപ്പോള്‍. മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന മൂന്നാമത് ചിത്രമാണ് ടര്‍ബോ’. മമ്മൂട്ടി അവതരിപ്പിക്കുന്ന ടര്‍ബോ ജോസ് പൊലീസ് ലോക്കപ്പിന് പുറത്ത് ഇരിക്കുന്നതാണ് രണ്ടാം പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. സിനിമ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മാത്രമല്ല കോമഡി രംഗങ്ങള്‍ കൊണ്ടും സമ്പന്നമായിരിക്കും എന്ന് പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

Top