ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ്; ആരോപണവുമായി അജു വര്‍ഗീസ്

വ് ആക്ഷന്‍ ഡ്രാമയ്‌ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന ആരോപണവുമായി അജു വര്‍ഗീസ്. ബുക്ക്മൈ ഷോയില്‍ മൂന്നു പേര്‍ എഴുതിയിരിക്കുന്ന റിവ്യൂ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കു വെച്ചു കൊണ്ടാണ് അജു രംഗത്തെത്തിയത്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അജു ഇത് പങ്കുവച്ചിരിക്കുന്നത്. റോബിന്‍, റെനില്‍, സഫ്‌നാസ് എന്നീ പേരുകളിലുള്ള മൂന്നു പേരുടെ റിവ്യൂകളാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്. മൂവരും നല്‍കിയിരിക്കുന്നത് 30 ശതമാനം റേറ്റിംഗ് ആണ്.

പക്ഷേ, മൂന്ന് റിവ്യൂവിന്റെയും കുറിപ്പ് ഒരു പോലെയാണ്. കോപ്പി-പേസ്റ്റ് എന്ന് നിസംശയം പറയാവുന്ന ഈ റിവ്യൂകള്‍ ആസൂത്രിതമായി ചിത്രത്തെ തകര്‍ക്കാനുള്ള നീക്കമാണെന്നാണ് അജു പറയുന്നത്. ആദ്യ പകുതി നന്നായിരുന്നെന്നും രണ്ടാം പകുതി വളരെ മോശമാണെന്നുമാണ് റിവ്യൂകളില്‍ കുറിച്ചിരിക്കുന്നത്. ‘കൊള്ളാം മക്കളെ കൊള്ളാം. സാരമില്ല പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ ഇരിക്കുന്നതെ ഉള്ളു’ എന്നാണ് അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി, നയന്‍താര എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം ലവ് ആക്ഷന്‍ ഡ്രാമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാനാണ്.

Top