ജയസൂര്യ ചിത്രം ”പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ” പുതിയ ട്രെയിലര്‍ പുറത്ത്

യസൂര്യ- രഞ്ജിത്ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ട്രെയിലര്‍ പുറത്ത് എത്തി.

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

‘പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസിലെ നായിക നൈല ഉഷയുടെ സാന്നിധ്യവും രണ്ടാംഭാഗത്തില്‍ ഉണ്ടാവും.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ വിതരണരംഗത്തേയ്ക്കും പ്രവേശിക്കാനൊരുങ്ങുകയാണ് ജയസൂര്യ -രഞ്ജിത്ശങ്കര്‍ ടീം.

ആനയും ആനപ്പിണ്ടവും ചന്ദനത്തിരിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് 2013-ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ മാറി. കൂടാതെ അജു വര്‍ഗീസിന്റെ ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ വേഷങ്ങളായിരുന്നു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

പ്രേതത്തിനു ശേഷം രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

Top