തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

murder

പുന്നയൂര്‍ക്കുളം: തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കേക്കാട് കപ്ലിയങ്ങാട് സ്വദേശി തണ്ടേങ്ങാട്ടില്‍ രഞ്ജിത്ത്(31) ആണ് മരിച്ചത്. ഫലം അറിയാനായി സുഹൃത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഒത്തുകൂടിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് സംഭവം. കൊലപാതകവുമായ് ബന്ധപ്പെട്ട് രഞ്ജിത്തിന്റെ സുഹൃത്ത് ഷിജു ഉള്‍പ്പെടെ മൂന്നു പേരെ വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അഞ്ചിലധികം പേര്‍ ക്വോട്ടേഴ്‌സില്‍ ഒത്തുചേര്‍ന്ന് മദ്യപിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു. രാവിലെ മുതല്‍ ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നു. മദ്യപാനത്തിനിടെ വാക്കു തര്‍ക്കം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

കുത്തേറ്റ രഞ്ജിത്തിനെ സുഹൃത്തുക്കള്‍ തന്നെയാണ് ഓട്ടോയില്‍ പുന്നൂക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണം.

Top