പുന്നപ്ര വയലാര്‍ . . . ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം !

പൊരുതുന്ന മനസ്സുകളെ ഇപ്പോഴും ആവേശം കൊള്ളിക്കുന്ന സമരമാണ് പുന്നപ്ര വയലാര്‍ സമരം. അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനുമെതിരെ പട്ടിണിപാവങ്ങള്‍ ചോരചീന്തി നടത്തിയ പോരാട്ടത്തിന്റെ 74 -മത് വാര്‍ഷിക വാരാചരണമാണ് 2020 ഒക്ടോബര്‍ 19 മുതല്‍ 27 വരെ നടക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാറിനും ജന്മിത്വത്തിനും എതിരെ നടന്ന ഉജ്വല തൊഴിലാളി സമരമായാണ് പുന്നപ്ര വയലാര്‍ സമരത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ 27 ഇന ആവശ്യങ്ങളാണ് ദിവാന്‍ സി.പി രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡലിന് എതിരെയും ഉത്തരവാദ ഭരണത്തിനു വേണ്ടിയും നടന്ന ഐതിഹാസിക സമരത്തില്‍ ഉയര്‍ത്തിയിരുന്നത്.

ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കാണ് ഈ സമരം വഹിച്ചിരിക്കുന്നത്. എന്താണ് ഈ അമേരിക്കന്‍ മോഡല്‍ എന്ന് അറിയാവുന്നവര്‍ നന്നേ ചുരുക്കമാകും. പുന്നപ്ര-വയലാര്‍ സമരം നടക്കുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ് ഈ ഭരണഘടനാ പരിഷ്‌കാരം. നിയമസഭയ്ക്ക് ഒരു അധികാരവുമില്ലാത്ത ഭേദഗതിയാണുണ്ടായത്. മഹാരാജാവിന്റെ കീഴില്‍ ദിവാന്‍ ഭരിക്കും. ഭരണഘടനാ പരിഷ്‌കാരങ്ങളിലാകട്ടെ ദിവാന്റെ സ്ഥാനം അമേരിക്കന്‍ പ്രസിഡണ്ടിനു തുല്യവുമാണ്. അങ്ങനെയാണ് അമേരിക്കന്‍ മോഡല്‍ എന്നു പേരു തന്നെ വന്നിരുന്നത്.

മഹാരാജാവിന്റെയോ ദിവാന്റെയൊ പദവിക്ക് ഒരിളക്കവും പറ്റാത്ത ഭരണഘടനയായിരുന്നു ഇത്. ചുരുക്കത്തില്‍ സവര്‍ണഹിന്ദു ഭരണകൂടമെന്നു വിശേഷിപ്പിക്കാവുന്നതും പാവപ്പെട്ടവരും പിന്നോക്കക്കാരും ദളിതരുമായ ജനകോടികളെ ചവിട്ടിയരയക്കുന്നതും ജാതീയമായ ഉച്ചനീചത്തങ്ങള്‍ നിലനിര്‍ത്തുന്നതുമായ ഫ്യൂഡല്‍ ഭരണം തുടരുമെന്നും വ്യക്തം. ഇതിനെതിരെയാണ് തൊഴിലാളികള്‍ സംഘടിച്ചത്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജീവന്‍ പോലും നാടിനു വേണ്ടി ബലിയര്‍പ്പിക്കാന്‍ ത്യാഗസന്നദ്ധരായി വന്ന ധീരന്‍മാര്‍ പൂര്‍ണ ജനാധിപത്യവും ഉത്തരവാദിത്വ ഭരണവും ആവശ്യപ്പെട്ടാണ് രണഭൂമിയിലേക്കിറങ്ങിയത്. തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ പോരാട്ടമാണ് പിന്നീട് നടന്നത്.

സായുധ പൊലീസും പട്ടാളവും ജന്മി ഗുണ്ടകളും ചേര്‍ന്ന മര്‍ദ്ദകപ്പടയ്ക്കെതിരായി കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി തൊഴിലാളികള്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം കൂടിയാണ്. തിരുവിതാംകൂറിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ രാഷ്ട്രീയ ചരിത്രത്തിലെ അത്ഭുതപൂര്‍വ്വമായ ഒരു മുന്നേറ്റമായിരുന്നു അത്. അന്തിമ വിജയവും പുന്നപ്ര- വയലാറിലെ ചുവപ്പ് പോരാളികള്‍ക്ക് തന്നെയായിരുന്നു. നൂറുകണക്കിന് തൊഴിലാളികളാണ് പ്രകടനമായി ചെന്ന് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചത്. 29 പേര്‍ തല്‍ക്ഷണം വെടിയേറ്റു മരിച്ചു. തൊട്ടടുത്ത ദിനം ദിവാന്‍ സര്‍സിപി തിരുവിതാംകൂറില്‍ പട്ടാളഭരണവും പ്രഖാപിക്കുകയുണ്ടായി. രാജവാഴ്ചയെയും ദിവാന്‍ ഭരണത്തെയും തൂത്തെറിയുകയെന്ന ലക്ഷ്യമായിരുന്നു സാമ്പത്തികാവശ്യങ്ങള്‍ക്ക് അപ്പുറമുള്ള തൊഴിലാളികളുടെ ആവശ്യങ്ങളുടെ കാതല്‍.

പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കാന്‍ രാജാവിന്റെ ജന്മദിനമായ തുലാം ഏഴ് തന്നെ തെരഞ്ഞെടുത്ത തൊഴിലാളികള്‍ വിളിച്ച മുദ്രാവാക്യം ‘ദിവാന്‍ ഭരണം അവസാനിപ്പിക്കുക’, ‘രാജവാഴ്ച തുലയട്ടെ’, ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്നതായിരുന്നു. ഒക്‌ടോബര്‍ 26ന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാന്‍ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികള്‍ക്ക് നേരെ നടന്ന വെടിവെയ്പില്‍ ആറു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പിന്നീട് മേനാശേരിയിലും ഒളതലയിലും വയലാറിലും പട്ടാളം കൂട്ടക്കൊല നടത്തുകയുണ്ടായി. അനവധി പേരാണ് ഇവിടെയും പിടഞ്ഞ് വീണ് മരിച്ചത്. എന്നാല്‍ ഒരു അടിച്ചമര്‍ത്തലിനും ചെമ്പടയുടെ പോരാട്ട വീര്യത്തെ തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

ചരിത്ര താളുകളില്‍ ഇടം പിടിച്ച ഈ പുന്നപ്ര വയലാര്‍ സമരത്തിലെ നായകന്‍മാരില്‍ ഒരാളായിരുന്നു സഖാവ് വി.എസ്. പുന്നപ്ര വെടിവെയ്പിനു ശേഷം പൂഞ്ഞാറില്‍ നിന്നാണ് വി.എസ് പിടിയിലായിരുന്നത്. ക്രൂരമായ മര്‍ദ്ദനമാണ് വി.എസിന് ലോക്കപ്പില്‍ ഏല്‍ക്കേണ്ടി വന്നിരുന്നത്. ജയിലഴിക്കുള്ളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ചിട്ട് ലാത്തി കൊണ്ട് കെട്ടി ഭീകരമായാണ് ഈ കമ്മ്യൂണിസ്റ്റിനെ മര്‍ദ്ദിച്ചത്. ബോധം നശിച്ച വി.എസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റ് കുത്തിയിറക്കുകയുമുണ്ടായി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ പാടുകള്‍ ഇന്നും ആ കാലുകളിലുണ്ട്.

തുടര്‍ന്ന് പനി പിടിച്ച് ബോധം നശിച്ച വി.എസിനെ മരിച്ചുവെന്ന് കരുതിയാണ് പൊലീസ് ഉപേക്ഷിച്ചത്. അന്ന് വി.എസിന്റെ ജീവന്‍ രക്ഷിച്ചത് പൊലീസ് പിടിയിലായ ഒരു കള്ളനായിരുന്നു എന്നതും ചരിത്രമാണ്. ഇത്രയും കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങിയ മറ്റൊരു രാഷ്ട്രീയ നേതാവും ഇന്ന് ജീവിച്ചിരിപ്പില്ല. അത് കേരളത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയുകയുമില്ല. മരണത്തിന്റെ മുഖത്ത് ചവിട്ടിയാണ് വി.എസ് പ്രതിസന്ധികളെ അതിജീവിച്ചിരിക്കുന്നത്. ഈ തൊണ്ണൂറ്റി ഏഴാം വയസ്സിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. നിറതോക്കുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചാണ് വി.എസ് ഉള്‍പ്പെടെയുള്ള പോരാളികള്‍ അടിച്ചമര്‍ത്തലുകളെ നേരിട്ടിരിക്കുന്നത്.

Top