ഡല്‍ഹി ആര് ഭരിക്കണമെന്ന് പഞ്ചാബികള്‍ തീരുമാനിക്കും; അധികാരക്കളിയില്‍ പുതിയ ട്വിസ്റ്റ്

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. കോണ്‍ഗ്രസിന്റെ ആവേശം ബിജെപി വോട്ട് പിടിക്കുന്നത് തടയുന്നതില്‍ മാത്രം ഒതുങ്ങുന്നു. എന്നിട്ടും അവസാനഘട്ടത്തില്‍ തങ്ങളുടെ മുഖ്യ പ്രചാരകനായി പഞ്ചാബില്‍ നിന്നും നവജ്യോത് സിംഗ് സിദ്ദുവിനെ തന്നെ അവര്‍ ഇറക്കിയത് കണ്ട് പലരും സംശയം ഉന്നയിച്ചിരിക്കും. ബിഹാറില്‍ നിന്നുള്ള വോട്ടര്‍മാര്‍ പ്രധാന ഘടകമാകുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പഞ്ചാബികള്‍ക്ക് എന്താണ് കാര്യം?

കാര്യങ്ങള്‍ കുഴപ്പിച്ചത് പൗരത്വ നിയമം ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. പൂര്‍വ്വാഞ്ചലികളുടെ വോട്ട് എവിടെ വീഴുന്നോ അവര്‍ വിജയിക്കുമെന്ന കാലത്ത് ഈ വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്തി ഷീലാ ദീക്ഷിത്ത് 1998 മുതല്‍ 2008 വരെ ഡല്‍ഹി കോണ്‍ഗ്രസ് വേണ്ടി പിടിച്ചു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുമായി അരവിന്ദ് കെജ്രിവാള്‍ എത്തിയതോടെ കഥ മാറി. 2013, 2015 വര്‍ഷങ്ങളില്‍ ആം ആദ്മി ഈ വോട്ടുകള്‍ കൈക്കലാക്കി.

അവസ്ഥ ഇതായി മാറിയതോടെ ഡല്‍ഹിയിലെ പൂര്‍വ്വാഞ്ചലി വോട്ട് ലക്ഷ്യമിട്ട് മൂന്ന് പാര്‍ട്ടികളും നെട്ടോട്ടത്തിലാണ്. മനോജ് തിവാരിയെ ബിജെപി സംസ്ഥാന നേതൃനിരയിലേക്ക് കെട്ടിയിറക്കിയതും ഇതുകൊണ്ട് തന്നെയാണ്. ആം ആദ്മിയും, കോണ്‍ഗ്രസും ഇതേ വഴിയില്‍ വോട്ട് തേടുന്നതിനാല്‍ ഈ വോട്ട് ബാങ്ക് ഭിന്നിക്കുമെന്ന് ഉറപ്പ്. പൗരത്വ നിയമത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന മുസ്ലീം വിഭാഗങ്ങള്‍ക്ക് ബിജെപിക്ക് എതിരായി വോട്ട് ചെയ്യുമ്പോള്‍ ആരിലേക്ക് പോകുമെന്ന ചോദ്യവും ഒപ്പം ഉയരുന്നു.

ഇതോടെയാണ് ഡല്‍ഹി അധികാരക്കളിയില്‍ പഞ്ചാബി വോട്ട് സുപ്രധാനമായി മാറുന്നത്. 28 സീറ്റുകള്‍ വരെ പഞ്ചാബി വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ളതെന്നാണ് കണക്കുകൂട്ടല്‍. ശിരോമണി അകാലിദള്‍ പൗരത്വ നിയമത്തിന്റെ പേരില്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം സഖ്യത്തിന് ഇല്ലാത്തത് തന്ത്രമാണെന്നാണ് കരുതുന്നത്. ഈ വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുമെന്നത് തന്നെയാണ് ചോദ്യം.

Top