ഇപ്പോൾ കിട്ടിയത് ഒരു സൂചനയാണ്, ഇനി ട്രാക്ടർ ഉരുളുക യുപിയിലേക്ക് . . .

ഞ്ചാബ് ഒരു സൂചനയാണ് വ്യക്തമായി പറഞ്ഞാല്‍ ബി.ജെ.പിക്ക് നല്‍കുന്ന ശക്തമായ മുന്നറിയിപ്പു കൂടിയാണിത്. കോര്‍പറേഷന്‍- മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വാഷ് ഔട്ടായി പോകുന്ന നിലയിലേക്കാണ്, രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഇപ്പോള്‍ മാറിയിരിക്കുന്നത്. അതിനു ഒറ്റകാരണം മാത്രമാണുള്ളത്. അത് പുതിയ കാര്‍ഷിക നിയമമാണ്. കര്‍ഷകര്‍ മൂന്നു മാസത്തോളമായി നടത്തുന്ന ഐതിഹാസിക സമരത്തിനുള്ള ഐക്യദാര്‍ഢ്യമാണ് പഞ്ചാബ് ജനത നിലവില്‍ കാണിച്ചിരിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കര്‍ഷകര്‍ തിരഞ്ഞെടുത്ത ‘ബെറ്റര്‍’ ഓപ്ഷനാണ് പഞ്ചാബില്‍ കോണ്‍ഗ്രസ്സിനും നേട്ടമായിരിക്കുന്നത്.

അതല്ലാതെ, കോണ്‍ഗ്രസ്സിന്റെ നിലപാടിനുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പ് വിധിയെ ഒരിക്കലും വിലയിരുത്താന്‍ കഴിയുകയില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പഞ്ചാബില്‍ മറ്റൊരു സാധ്യതയും ജനങ്ങള്‍ക്കു മുന്നിലില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ച് പതിനായിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോഴും സമരം തുടരുന്നത്. കൊടും തണുപ്പേറ്റും മറ്റും അനവധി കര്‍ഷകര്‍ സമരമുഖത്ത് തന്നെ പിടഞ്ഞു വീണിട്ടുമുണ്ട്. ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കവെ മരണപ്പെട്ട നവനീത് സിംഗും ഇവരില്‍ ഉള്‍പ്പെടും.

കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പി ഭരിക്കുന്ന യു.പി-ഹരിയാന സര്‍ക്കാറുകളുടെയും അടിച്ചമര്‍ത്തല്‍ നയത്തെ നേരിട്ടാണ് കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുന്നത്. ഓരോ ദിവസവും ഈ സമരം കരുത്താര്‍ജിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്.”ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം കൂടുതല്‍ അര്‍ഥം നേടിയത് തന്നെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ്. പത്തുലക്ഷത്തോളം കര്‍ഷക ട്രാക്ടറുകളാണ് അന്ന് നഗരവീഥികളില്‍ പരേഡ് നടത്തിയിരുന്നത്. ഈ പരേഡ് തകര്‍ക്കാന്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ കരിങ്കാലികള്‍ ശ്രമിച്ചതു കൊണ്ടു മാത്രമാണ് ഡല്‍ഹിയിലെ സംഘര്‍ഷമുണ്ടായത്. അതിനു നേതൃത്വം കൊടുത്തവരുടെ കാവി ബന്ധം, പിന്നീട് ഈ രാജ്യം കണ്ടതുമാണ്.

ഡല്‍ഹി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സമരം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. പ്രാദേശികമായി, പ്രവര്‍ത്തകരെ പോലും കര്‍ഷകര്‍ക്കെതിരായി അവര്‍ ഇറക്കി വിട്ടു. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിയെയും തകര്‍ത്തെറിഞ്ഞ് ഇപ്പോഴും ശക്തമായി തന്നെയാണ് കര്‍ഷക സമരം മുന്നോട്ടു പോകുന്നത്. ആ സമരത്തോടുള്ള പഞ്ചാബ് ജനതയുടെ ഐക്യദാര്‍ഢ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ രാജ്യം കണ്ടിരിക്കുന്നത്. ഈ കര്‍ഷക ‘തീ’ ഇതിനകം തന്നെ യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കും പടര്‍ന്നു കഴിഞ്ഞു. ഹരിയാനയില്‍ ഇനി ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പിയുടെ പൊടി പോലും കാണാത്ത തരത്തിലുള്ള തിരിച്ചടിക്കാണ് സാധ്യത. അവിടുത്തെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലാണുള്ളത്. ജാട്ട് മേഖലകളിലും കര്‍ഷകസമരം രാഷ്ട്രീയമായി തിരിച്ചടിയാണെന്ന തിരിച്ചറിവിലാണിപ്പോള്‍ ബിജെപി.

വിവിധ സംസ്ഥാനങ്ങളിലെ ജാട്ട് മേഖലകളിലായി, 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഇവിടത്തെ രാഷ്ട്രീയസ്ഥിതി മനസ്സിലാക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സമരം രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. രാകേഷ് ടിക്കായത്ത് കര്‍ഷക പ്രക്ഷോഭത്തിന്റെ മുഖമായി മാറിയതോടെ ജാട്ട് വിഭാഗത്തെ വലിയതോതില്‍ ബിജെപിയില്‍നിന്ന് അകറ്റി തുടങ്ങിയിട്ടുണ്ട്. അജിത്ത് സിങ്ങിന്റെ ഐഎന്‍എല്‍ഡി പടിഞ്ഞാറന്‍ യുപിയില്‍ വീണ്ടും സ്വാധീനം സൃഷ്ടിക്കുന്നതും ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കര്‍ഷകര്‍ കടുത്ത രോഷത്തിലാണുള്ളത്. ഈ സംസ്ഥാനങ്ങളില്‍ ഭരണം തിരിച്ചു പിടിക്കുക എന്നതും ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തന്നെ ഇനിയും തുടരും.

പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്, ആര്‍.എസ്.എസ് നേതൃത്വത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്. കര്‍ഷകസമരം അവസാനിപ്പിച്ചില്ലങ്കില്‍, യു.പി ഉള്‍പ്പെടെ കൈവിട്ടു പോകുമോ എന്ന ഭയം സംഘപരിവാര്‍ നേതൃത്വത്തിനുണ്ട്. സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള യു.പിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ സടകുടഞ്ഞ് എണീറ്റിരിക്കുകയാണ്. പതിറ്റാണ്ടുകളായി ബി.ജെ.പി സഖ്യത്തിന് മുന്‍തൂക്കമുള്ള പഞ്ചാബിലെ നഗരമേഖലകളില്‍ നിന്നു പോലും ബിജെപി തൂത്തെറിയപ്പെട്ടതാണ് ബി.ജെ.പി വിരുദ്ധരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. കാവിപ്പടയുടെ ശക്തികേന്ദ്രമായ ഹിമാചല്‍- ജമ്മു സംസ്ഥാനങ്ങളോട് ചേര്‍ന്ന മാജ മേഖലയിലും ബി.ജെ.പിയുടെ പ്രകടനം ദുര്‍ബലമാണ്. അമൃത്സര്‍, ഗുര്‍ദാസ്പുര്‍, പത്താന്‍ക്കോട്, തരണ്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് മാജ.

ബിജെപി സഖ്യകക്ഷിയായിരുന്ന അകാലിദളിനും, കനത്ത തിരിച്ചടിയാണ് പഞ്ചാബില്‍ ഉണ്ടായിരിക്കുന്നത്. പരാജയം ഭയന്ന് ബി.ജെ.പി മുന്നണിയില്‍ നിന്നും മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ പുറത്തു വന്നെങ്കിലും പഞ്ചാബ് ജനത ഈ അവസരവാദികളെയും നിരാകരിക്കുകയാണുണ്ടായത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ മുന്നേറ്റവും കര്‍ഷകരുടെ അജണ്ട വ്യക്തമാക്കുന്നതാണ്. ജയിച്ച സ്വതന്ത്രരില്‍ ഏറെയും മത്സരിച്ചത് ട്രാക്ടര്‍ ചിഹ്നത്തിലാണെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ 10 സ്വതന്ത്രര്‍ മോഗയില്‍ മാത്രം വിജയിച്ചിട്ടുണ്ട്. അതേസമയം, പഞ്ചാബിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ബി.ജെ.പിയിലും ശക്തമായിട്ടുണ്ട്. ആര്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള നേതാക്കളാണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പഞ്ചാബിലുണ്ടായത് കോണ്‍ഗ്രസ്സിന്റെ വിജയമല്ലന്നും കര്‍ഷക രോഷത്താല്‍ ലഭിച്ച തിരിച്ചടിയാണെന്നുമാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.

അതുകൊണ്ടു തന്നെ, കര്‍ഷക നേതാക്കളെ വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നതാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും ഇനി നിര്‍ണ്ണായകമാവുക. കര്‍ഷക നിയമം പിന്‍വലിച്ചാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ഭീതി കേന്ദ്രത്തിനുണ്ട്. ഇക്കാര്യം ആര്‍.എസ്.എസ് നേതൃത്വത്തെയും അവര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക നിയമം മരവിപ്പിച്ച് നിര്‍ത്തുന്ന കാലയളവ് വര്‍ദ്ധിപ്പിക്കാന്‍ പറ്റുമോ എന്നതാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തിലും സംഘപരിവാര്‍ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണുള്ളത്.

കര്‍ഷക സമരത്തിനു മുന്നില്‍ മുട്ടുമടക്കി എന്ന ഇമേജ് സൃഷ്ടിക്കുന്നതിന് മോദി എന്തായാലും തയ്യാറല്ല. തന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് തന്നെ അത് തിരിച്ചടിയാകുമെന്നാണ് അദ്ദേഹം കരുതുന്നത്. മോദിയില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശേഷി നിലവില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് മാത്രമാണുള്ളത്. അദ്ദേഹം അത് ഉപയോഗപ്പെടുത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. കര്‍ഷക സമരം തീര്‍ന്നില്ലങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന യു.പി തിരഞ്ഞെടുപ്പിനെയും അതു സാരമായി ബാധിക്കും. മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന സംസ്ഥാനമാണിത്. 80 ലോകസഭ സീറ്റുകള്‍ ഉള്ള സംസ്ഥാനമായതിനാല്‍ യു.പി കൈവിട്ടു പോകുന്നത് ബി.ജെ.പിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. യു.പി കൈവിട്ടാല്‍, അടുത്ത തവണ അധികാരത്തില്‍ വരിക എന്നത് മോദിയെ സംബന്ധിച്ച് സ്വപ്നം മാത്രമായാണ് മാറുക.

യു.പി – ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരകേന്ദ്രം പൊളിക്കാന്‍ ശ്രമിച്ച യോഗി ഭരണകൂടത്തിന്റെ നീക്കത്തെ ജനങ്ങളെ അണിനിരത്തിയാണ് കര്‍ഷക സംഘടനകള്‍ ചെറുത്ത് തോല്‍പ്പിച്ചിരുന്നത്. വെള്ളവും വൈദ്യുതിയും സമരക്കാര്‍ക്ക് നിഷേധിച്ചപ്പോള്‍ ഡല്‍ഹിയിലെ കെജരിവാള്‍ സര്‍ക്കാറാണ് സഹായ ഹസ്തവുമായി എത്തിയിരുന്നത്. സമരപന്തല്‍ പൊളിക്കാന്‍ എത്തിയ യു.പി പൊലീസിനെ തുരത്താന്‍ അന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനൊപ്പം സി.പി.എം എം.പി, കെ.കെ രാഗേഷുമുണ്ടായിരുന്നു. ഡല്‍ഹി അതിര്‍ത്തിയിലെ സമര ചൂട് യു.പിയിലെ ഗ്രാമങ്ങളെ കൂടിയാണ് ചുട്ടുപൊള്ളിക്കുന്നത്. യു.പി യില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തുകളില്‍ ലക്ഷക്കണക്കിനു പേരാണ് പങ്കെടുത്തിരിക്കുന്നത്. ഇതും ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച സംഭവമാണ്.

ഇപ്പോള്‍ ട്രയിന്‍ തടയല്‍ സമരത്തോടെ കര്‍ഷക സമരം പുതിയ തലത്തിലാണ് എത്തി നില്‍ക്കുന്നത്. ഈ പോക്കു പോയാല്‍, പഞ്ചാബിലെ പോലെ യു.പിയിലും ഹരിയാനയിലുമെല്ലാം തിരിച്ചടിയുണ്ടാകുമെന്ന് മാത്രമല്ല ഇവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ പോലുമാകാത്ത സ്ഥിതിയുണ്ടാവാനും സാധ്യത ഏറെയാണ്. കേന്ദ്ര ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യമാണ് ഈ സ്ഥിതി സംജാതമാക്കിയിരിക്കുന്നത്. സെലിബ്രിറ്റികളെ ഉപയോഗപ്പെടുത്തി കര്‍ഷക സമരത്തെ പ്രതിരോധിക്കാനുള്ള നീക്കവും ഒടുവില്‍ പാളിയിട്ടുണ്ട്. കേന്ദ്രത്തിന്റെ വാക്കു കേട്ട് പ്രതികരിച്ചവരാണ് ശരിക്കും വെട്ടിലായിരിക്കുന്നത്. ഇതുവരെ അഭിനന്ദനം മാത്രം കേട്ട് ശീലിച്ച താരങ്ങളാണ് സോഷ്യല്‍ മീഡിയയുടെ കോപത്തിന് ഇരയായിരിക്കുന്നത്. പഞ്ചാബിലെ ജനവിധി ഭരണവിലാസം സെലിബ്രിറ്റികള്‍ക്കു കൂടിയുള്ള മറുപടിയാണ്, അക്കാര്യവും ഓര്‍ത്തു കൊള്ളണം.

Top