അമൃത്പാൽ സിങ്ങിനെ പിടി കൂടാനുള്ള ശ്രമം തുടർന്ന് പഞ്ചാബ് പൊലീസ്; ദേശീയ സുരക്ഷാ നിയമ പ്രകാരം കുറ്റം

ദില്ലി: അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റം ചുമത്തി. പഞ്ചാബ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയിൽ വ്യക്തമാക്കിയതായി അഭിഭാഷകൻ പറഞ്ഞു. ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പഞ്ചാബ് പൊലീസിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി കോടതി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു.

അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ ക‍ർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർ‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇന്റര്‍നെറ്റ് – എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും. സംസ്ഥാനത്തെ ബാക്കിയിടങ്ങളില്‍ ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്ന് ഉച്ചയോടെ നീക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേ സമയം, അമൃത്പാല്‍ സിങിനെ പിടികൂടാൻ സർവ്വസന്നാഹങ്ങളുമായി ശ്രമം തുടരുകയാണ് പഞ്ചാബ് പൊലീസ്. അമൃത് പാൽ സിങ് അടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ 78 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത് പാൽ സിങ്ങിനു വേണ്ടി സാമ്പത്തികകാര്യങ്ങൾ നോക്കുന്ന ദൽജീത് സിങ് കാൽസിയും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. അമൃത്പാൽ സിങ്ങിന്റെ പിതാവിനെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.

Top