പഞ്ചാബിലെ ബലാത്സംഗക്കൊല; രാഹുല്‍ ഗാന്ധിക്കെതിരെ പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത്. ഹത്രാസ് കൊലപാതകത്തിന്റെ പേരില്‍ ബിജെപിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി രാഷ്ട്രീയ ടൂറുകള്‍ അവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു.

ബിഹാര്‍ സ്വദേശിയായ ആറ് വയസുകാരി പഞ്ചാബിലെ ടാണ്ട ഗ്രാമത്തില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ ടൂറുകള്‍ നടത്തുന്നതിന് പകരം രാഹുല്‍ ഗാന്ധി ടാണ്ടയും രാജസ്ഥാനുമെല്ലാം സന്ദര്‍ശിക്കണമെന്നും പഞ്ചാബിലെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനീതികള്‍ അവര്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ, ഹത്രാസിലും മറ്റു സ്ഥലങ്ങളിലും പോയി ഇരയുടെ കുടുംബത്തിനൊപ്പം അവര്‍ ഫോട്ടോയെടുക്കുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി.

Top