കൊവിഡ് 19; രാജസ്ഥാന് പിന്നാലെ പഞ്ചാബും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന് പിന്നാലെ പഞ്ചാബും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.മാര്‍ച്ച് 31 വരെ അടച്ചിടാനാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടത്.

അവശ്യസര്‍വ്വീസ് ഒഴികെയുള്ളവയ്ക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വ്വീസുകളുടെ വിശദമായ പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

നിലവില്‍ 13 പേര്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നാല് ജില്ലകളില്‍ മാര്‍ച്ച് 25 വരെ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് പ്രതിരോധത്തിന് മഹാരാഷ്ട്രയിലും ചില ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് മഹാരാഷ്ട്രയില്‍ 63 കാരനും ബീഹാറിലെ പട്‌നയില്‍ 38 കാരനുമാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രാണ്ടായി.

നേരത്തെ ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഒരോ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ വന്‍ വര്‍ധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.കോവിഡ് 19 രോഗവ്യാപനത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ സൂചനകളാണ് ഈ കേസുകള്‍ കാണിക്കുന്നത്.

Top