ചൈനയില്‍ നിന്ന് വ്യവസായങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയുമായി പഞ്ചാബ്‌

അമൃത്സര്‍: ചൈന വിട്ട് വരുന്ന വ്യവസായ കമ്പനികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ചൈനയില്‍ നിന്ന് വ്യവസായങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിച്ച് കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇക്കാര്യത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശ കമ്പനികള്‍ക്കായി സംസ്ഥാനത്തെ നാല് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും ആവശ്യത്തിന് ഭൂമിയും ലഭ്യമാക്കുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍, കൊറിയ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളുമായാണ് പഞ്ചാബ് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തിയത്. ഫെയ്ബുക്ക് ലൈവ് പരിപാടിയിലാണ് അമരീന്ദര്‍ സിങ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ജപ്പാന്‍, അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് തങ്ങളുടെ വ്യവസായം മാറ്റാന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് വിദേശ രാജ്യങ്ങളിലെ എംബസികള്‍ മുഖേന കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് വ്യവസായം വന്നാല്‍ അത് നടപ്പിലാക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്.

Top