ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് പഞ്ചാബ് എഫ്‌സി

ഡല്‍ഹി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് പഞ്ചാബ് എഫ്‌സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈമിലാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. പ്രദീപ് ഗൊഗോയ് പഞ്ചാബ് വല ചലിപ്പിച്ചു. തൊട്ടുമുമ്പ് 42-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് നോര്‍ത്ത് ഈസ്റ്റിന് കനത്ത തിരിച്ചടിയായി.

രണ്ട് തോല്‍വികള്‍ക്ക് ശേഷം നേടിയ സമനില പഞ്ചാബിന് ആദ്യ പോയിന്റ് നേടിത്തന്നു. നിലവില്‍ പോയിന്റ് ടേബിളില്‍ 10-ാം സ്ഥാനത്താണ് പഞ്ചാബ്. ഒരു ജയം പോലും നേടാത്ത ഹൈദരാബാദും ചെന്നൈനും പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായുണ്ട്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ സമ്പാദ്യം. പോയിന്റ് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്.

രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചാബിന് കഴിഞ്ഞു. 63-ാം മിനിറ്റില്‍ ഗോള്‍ നേട്ടവും പഞ്ചാബ് ആഘോഷിച്ചു. മെല്‍റോയ് മെല്‍വിന്‍ അസ്സീസിയാണ് പഞ്ചാബിന്റെ സമനില ഗോള്‍ നേടിയത്. പക്ഷേ പിന്നീട് ലഭിച്ച അവസരങ്ങള്‍ പഞ്ചാബ് നശിപ്പിച്ചപ്പോള്‍ മത്സരം സമനില ആയി.

 

 

Top