പഞ്ചാബ് തെരഞ്ഞെടുപ്പ് കമീഷന്റെ സ്‌റ്റേറ്റ് ഐക്കണ്‍ ആയി സോനൂ സൂദ്

ന്യൂഡല്‍ഹി: ബോളിവുഡ് താരം സോനൂ സൂദിന് പഞ്ചാബ് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം. കോവിഡ് കാലത്തെ താരത്തിന്റെ സേവന പ്രവര്‍ത്തനം കണക്കിലെടുത്താണ് പഞ്ചാബ് തെരഞ്ഞെടുപ്പ് കമീഷന്റെ സ്‌റ്റേറ്റ് ഐക്കണ്‍ ആയി സോനൂവിനെ തിരഞ്ഞെടുത്തത്. ട്വിറ്ററിലൂടെയാണ് പഞ്ചാബ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഇക്കാര്യം അറിയിച്ചത്. ‘ജനങ്ങളുടെ യഥാര്‍ഥ നായകന്‍ ഇപ്പോള്‍ പഞ്ചാബിന്റെ സ്‌റ്റേറ്റ് ഐക്കണ്‍- സോനു സൂദ്’ എന്നാണ് കുറിപ്പ്.

കോവിഡിനെത്തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ ആയപ്പോള്‍ അന്തര്‍സംസ്ഥാന തൊഴിലാളികളായ നിരവധി പേര്‍ക്ക് സഹായമെത്തിച്ചതിനാണ് താരത്തിന് അംഗീകാരം ലഭിച്ചത്. വെള്ളിത്തിരയിലെ വില്ലന്‍ യഥാര്‍ഥ ജീവിതത്തില്‍ നായകനായി മാറിയതും ആളുകള്‍ ശ്രദ്ധിക്കാനിടയായിരുന്നു. കോവിഡ് കാലത്തെ സോനുവിന്റെ ജീവിതാനുഭവങ്ങള്‍ മുന്‍നിര്‍ത്തി പെന്‍ഗ്വിന്‍ റാന്‍ഡം ബുക്‌സ് ആത്മകഥ പുസ്തകം പുറത്തിറക്കുന്നുണ്ട്. ‘ഐ ആം നോ മെസീഹ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സേനുവും മീന അയ്യരും ചേര്‍ന്നാണ് എഴുതുന്നത്. ഈ വര്‍ഷം ഡിസംബറില്‍ പുസ്തകം പുറത്തിറങ്ങും.

Top