തന്നെ താഴെയിറക്കി മുഖ്യമന്ത്രിയാവുകയാണ് ലക്ഷ്യം; നവജോത് സിങ് സിദ്ദുവിനെതിരെ അമരീന്ദര്‍ സിങ്

ചണ്ഡിഗഡ്: നവജോത് സിങ് സിദ്ദുവിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്ത്. തന്നെ താഴെയിറക്കിയ ശേഷം മുഖ്യമന്ത്രിയാവുക എന്നതാണു സിദ്ദുവിന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ പറഞ്ഞു.

മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമാണ് സിദ്ദു. ചെറുപ്പം മുതല്‍ സിദ്ദുവിനെ നന്നായി അറിയാം. പല ആഗ്രഹങ്ങളുമുള്ള ആളാണ് സിദ്ദു എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്നതിനു തലേ ദിവസം തന്നെ അതിനുള്ള നീക്കം നടത്തിയതു ശരിയായില്ല, മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടി സിദ്ദുവിനെതിരെ നടപടി സ്വീകരിക്കും. അച്ചടക്ക ലംഘനം പാര്‍ട്ടി അനുവദിക്കുകയില്ല. കേന്ദ്രകമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കുമെന്നാണു കരുതുന്നത്, അദ്ദേഹം വ്യക്തമാക്കി.

എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് പാര്‍ട്ടിക്ക് കോട്ടമുണ്ടാക്കുന്ന തരത്തിലായിരിക്കരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സിദ്ദു പഞ്ചാബില്‍ പ്രചരണത്തിനിറങ്ങിയിരുന്നില്ല. അമൃത്സറില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെ ബി.ജെ.പി പാളയം വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു ഇപ്പോള്‍ ഭാര്യ നവജ്യോത് കൗറിന് സീറ്റു നല്‍കാത്തതോടെ കോണ്‍ഗ്രസുമായി ഇടഞ്ഞിരിക്കുകയാണ്.

Top