പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സിദ്ദുവിന് പിന്നാലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

അമൃത്സര്‍: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബ് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മന്ത്രിമാരായ റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് ഏറ്റവും ഒടുവിലായി രാജിവെച്ചത്.

പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും നേരത്തെ രാജിവച്ചിരുന്നു. പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് സിദ്ദു രാജിക്കത്തില്‍ പറഞ്ഞിരുന്നു. രാജിവെച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു അറിയിച്ചിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും സിദ്ദു രാജിക്കത്തില്‍ പറയുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങ് രാജിവച്ചതിനു പിന്നാലെയാണ് സിദ്ദുവിന്റെ രാജി. അമരീന്ദറിനെ മാറ്റിയ ഹൈക്കമാന്‍ഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരണ്‍ജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയാക്കിയത്.

Top