പഞ്ചാബിലെ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു: 86 സ്ഥാനാര്‍ത്ഥികള്‍

അമൃത്സര്‍: പഞ്ചാബിലെ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു, 86 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതാണ് ലിസ്റ്റ്. സിദ്ദുവിന്റെയും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തിറിക്കിയത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പവും ശക്തമാക്കുകയാണ്.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ചാംകൗര്‍ സാഹിബിലാണ് ജനവിധി തേടുന്നത്. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് നവ്‌ജോത് സിംഗ് സിദ്ദു മത്സരിക്കുന്നത്. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെചൊല്ലി തര്‍ക്കം തുടരുന്നതിനിടെയാണ് ഇരുവരും മത്സര രംഗത്തിറങ്ങുന്നത്. ഇരുവരും സിറ്റിംഗ് മണ്ഡലത്തില്‍ നിന്നാണ് മത്സരരംഗത്തിറങ്ങുന്നത്. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ ധേര ബാബ നാനക് മണ്ഡലത്തില്‍നിന്നാവും മത്സരിക്കുക. അമൃത്സര്‍ സെന്‍ട്രലില്‍ നിന്ന് ഓം പ്രകാശ് സോണിയും മത്സരിക്കും.

നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഘയില്‍ മത്സരിക്കും. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക പാര്‍ട്ടികളായ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിക്കും സംയുക്ത് സമാജ് മോര്‍ച്ചക്കും ഇടയില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. തെരഞ്ഞെടുപ്പില്‍ 25 സീറ്റ് വേണമെന്നാണ് ഗുര്‍നാം ചാദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ ഒന്‍പത് സീറ്റ് മാത്രമേ നല്‍കാന്‍ കഴിയു എന്നാണ് സംയുക്ത് സമാജ് മോര്‍ച്ചയുടെ നിലപാട്. അടുത്ത മാസം 14 നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം.

Top