മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തി പഞ്ചാബ് മുഖ്യമന്ത്രി; സിദ്ദുവിന്റെ വകുപ്പുകള്‍ മാറ്റി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തി.തദ്ദേശ ഭരണ വകുപ്പില്‍നിന്ന് നവജ്യോത് സിങ് സിദ്ദുവിനെ അദ്ദേഹം ഒഴിവാക്കി. ഊര്‍ജം, പാരമ്പരേതര ഊര്‍ജ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നല്‍കി. ടൂറിസം – സാംസ്‌കാരിക വകുപ്പും സിദ്ദുവില്‍നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്.

സിദ്ദുവിന്റെ നിരുത്തരവാദപരമായ നടപടികള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന വിമര്‍ശനം നേരത്തെ അമരീന്ദര്‍ സിങ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ ഭരണ വകുപ്പ് സിദ്ദുവില്‍നിന്ന് എടുത്തുമാറ്റുമെന്ന് അമരീന്ദര്‍ നേരത്തെതന്നെ സൂചനയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗം സിദ്ദു ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.

Top