പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഫെബ്രുവരി 14 ന് നടത്താനാന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് 20 ലേക്കാണ് മാറ്റിയത്.

ഗുരു രവി ദാസ് ജയന്തി ആഘോഷം കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിയ്യതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മീഷന്‍ യോഗം ചേര്‍ന്നാണ് തീരുമാനം.

ഗുരു രവിദാസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യം ആദ്യം ഉന്നയിച്ചത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയായിരുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിലുള്ളവര്‍ ഈ സമയത്ത് വാരണസിലേക്ക് പോകുന്നതിനാല്‍ തിയ്യതി മാറ്റണമെന്നാണ് ചന്നി ആവശ്യപ്പെട്ടത്.

പിന്നാലെ ബിജെപി, ബിഎസ്പി, ആംആദ്മി പാര്‍ട്ടി ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് ഇന്ന് കൂടിയ കമ്മീഷന്റെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായത്. ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് തീര്‍ത്ഥാടനം.

Top