കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് ‘ക്യാപ്റ്റന്‍’ അട്ടിമറി ജയം ലക്ഷ്യമിട്ട് ബി.ജെ.പിയും

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകം പഞ്ചാബ് തിരഞ്ഞെടുപ്പാണ്. കയ്യിലുള്ള ഭരണം നഷ്ടമായാല്‍ അത് രാജ്യവ്യാപകമായി തന്നെ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഒറ്റപ്പെട്ട കോണ്‍ഗ്രസ്സിന്റെ അവസ്ഥയാണ് അതോടെ കൂടുതല്‍ കുഴപ്പത്തിലാകുക. തൃണമൂല്‍ കോണ്‍ഗ്രസ്സ് സമാജ് വാദി പാര്‍ട്ടി എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനകം തന്നെ കോണ്‍ഗ്രസ്സുമായി മുഖം തിരിച്ചു നില്‍ക്കുകയാണ്. തമിഴകത്താണെങ്കില്‍ ഡി.എം.കെയും കോണ്‍ഗ്രസ്സ് ഒരു ബാധ്യതയാണെന്ന നിലപാടിലാണ് ഉള്ളത്. പഞ്ചാബ് ഭരണം നഷ്ടമായാല്‍ ഈ പാര്‍ട്ടികള്‍ മാത്രമല്ല യു.പി.എയിലെ മറ്റു ഘടകകക്ഷികളും നിലപാട് കടുപ്പിക്കാനാണ് സാധ്യത.

അമരീന്ദറിനു കൈകൊടുത്ത് പഞ്ചാബ് പിടിക്കാനുള്ള നീക്കമാണിപ്പോള്‍ മോദി നടത്തിയിരിക്കുന്നത്. കടുത്ത മോദി തരംഗത്തിലും 2019ല്‍ കോണ്‍ഗ്രസിനു വേണ്ടി പഞ്ചാബ് ‘കോട്ട’പോലെ കാത്ത ക്യാപ്റ്റനാണ് അമരീന്ദര്‍ സിംങ്. ഈ മുന്‍ മുഖ്യമന്ത്രിയുമായി ചേരാനുള്ള ബി.ജെ.പി തീരുമാനം കോണ്‍ഗ്രസിന്റെ പഞ്ചാബ് പ്രതീക്ഷയെ തകിടം മറിക്കുന്നതാണ്. കേന്ദ്ര ഭരണം പിടിച്ചിട്ടും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ വമ്പന്‍ പരാജയമായാണ് കോണ്‍ഗ്രസ്സ് ഇതിനെ ചൂണ്ടിക്കാട്ടിയിരുന്നത്. ബാലാകോട്ട് മിന്നലാക്രമണം പ്രചരണായുധമാക്കി ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി കഴിഞ്ഞ തവണ പഞ്ചാബില്‍ വന്‍ വിജയം പ്രതീക്ഷിച്ചെങ്കിലും പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്ത പാരമ്പര്യമുള്ള മുന്‍ സൈനിക ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ കരുത്തില്‍ കോണ്‍ഗ്രസ് അവരുടെ പഞ്ചാബ് കോട്ട കാക്കുകയാണ് ഉണ്ടായത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിനെ തകര്‍ത്ത ബി.ജെ.പിക്ക് പഞ്ചാബില്‍ അമരീന്ദര്‍സിങിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

എക്കാലത്തും നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥനായിരുന്ന അമരീന്ദര്‍സിങിനെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിന്റെ വാക്കുകേട്ടാണ് രാഹുല്‍ ഗാന്ധി കൈവിട്ടിരുന്നത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയ നവജ്യോത് സിങ് സിദ്ദുവിന്റെ താല്‍പര്യം സംരക്ഷിക്കാനായിരുന്നു ഈ തന്ത്രം അവര്‍ പയറ്റിയിരുന്നത്. അമരീന്ദറുമായി അടുത്തബന്ധമുണ്ടായിരുന്ന സോണിയാഗാന്ധിക്കുപോലും മകന്റെ നീക്കം തടയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സിദ്ധു അമരീന്ദറിന്റെ പകരക്കാരനായെത്തിയ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത് ഛന്നിയുമായും ‘പോരു’ തുടങ്ങിക്കഴിഞ്ഞു.

നേരത്തെ അമരീന്ദറുമായുള്ള പോരില്‍ ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയ സിദ്ദു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പാളയത്തിലുണ്ടാകുമോ എന്നത്പോലും നിലവിലെ അവസ്ഥയില്‍ സംശയമാണ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമാണ് സിദ്ദു സ്വപ്നം കാണുന്നത്. അതിനു വേണ്ടി എവിടേക്ക് ചാടാനും അദ്ദേഹം തയ്യാറാകും. ഈ അവസരവാദ നിലപാടിന് കൈ കൊടുത്തതാണ് കോണ്‍ഗ്രസ്സ് ചെയ്ത വലിയ തെറ്റ്. പഞ്ചാബ് രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ കൃത്യമായി അറിയാവുന്ന അമരീന്ദര്‍സിങ്ങിന് മോദി കൈകൊടുത്തത് ഇത്തവണ പഞ്ചാബ് ഭരണം പിടിക്കണമെന്ന ഉറച്ച ലക്ഷ്യത്തോടെ തന്നെയാണ്. അതിനായി അഭിമാന പ്രശ്നമായി കരുതിയിരുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും മോദി തയ്യാറായിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പഞ്ചാബില്‍ ഭരണം പിടിക്കാനാവില്ലെന്നതായിരുന്നു അമരീന്ദര്‍സിങ് മുന്നോട്ടുവെച്ച് പ്രധാന നിര്‍ദ്ദേശം.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചിരുന്നത്. ഇതോടെയാണ് വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. ഉടന്‍ തന്നെ നടക്കുന്ന പഞ്ചാബ് യു.പി തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും പിന്തുണ നല്‍കേണ്ടതില്ലെന്ന് പഞ്ചാബ് ലുധിയാനയില്‍ ചേര്‍ന്ന 22 കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനവും പഞ്ചാബിലും യു.പിയിലും ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. പഞ്ചാബിലെ 177 നിയമസഭാ സീറ്റുകളില്‍ 77ലും വിജയിപ്പിച്ചാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസിന് ഭരണം സമ്മാനിച്ചിരുന്നത്. അകാലിദളുമായുള്ള നീണ്ടകാലത്തെ സംഖ്യം ഉപേക്ഷിച്ച് ബി.ജെ.പി അമരീന്ദര്‍സിങുമായി കൈകോര്‍ക്കുമ്പോള്‍ പഞ്ചാബ് ഭരണം തന്നെയാണ് കാവിപ്പടയും ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ പരാജയപ്പെട്ടപ്പോഴാണ് മോദി പ്രഭാവത്തെ തടഞ്ഞ് അമരീന്ദര്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രക്ഷകനായിരുന്നത്. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിക്ക് കൂട്ടക്കൊല പോലും പ്രചരണായുധമാക്കി പഞ്ചാബ് പിടിക്കാനുള്ള മോദിയുടെ നീക്കത്തെ നെഞ്ചുറപ്പോടെ നേരിട്ടാണ് പട്യാല രാജാവായിരുന്ന യാദവേന്ദ്ര സിങിന്റെ മകന്‍ അമരീന്ദര്‍ സിങ് വിജയം കൊയ്തിരുന്നത്. പഞ്ചാബിലെ 13 ലോക്‌സഭസീറ്റില്‍ എട്ടും പിടിച്ചെടുത്ത കോണ്‍ഗ്രസ് വിജയം ബി.ജെ.പിയെയും അത്ഭുതപ്പെടുത്തിയ സംഭവമാണ്.

1965-ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ സിക്ക് റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്ന അമരീന്ദര്‍ സിങ് സൈനിക ജീവിതത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും തികഞ്ഞ പോരാളി തന്നെയാണ്. കുടുംബവാഴ്ചക്കെതിരായ ബി.ജെ.പി പ്രചരണത്തില്‍ രാഹുല്‍ഗാന്ധി അടക്കം പരാജയപ്പെട്ടപ്പോഴും പട്യാലയില്‍ നിന്നും ഭാര്യ പ്രണീത് കൗറിനെ നാലാം തവണയും പാര്‍ലമെന്റിലേക്കയക്കാന്‍ അമരീന്ദറിനു കഴിഞ്ഞതും അദ്ദേഹത്തിന്റെ ഇടപെടലുകളിലെ വിജയമാണ്. 162718 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അകാലിദള്‍- ബി.ജെ.പി സഖ്യത്തിന്റെ സുര്‍ജിത് സിങ് റാഖ്രയെ പ്രണീത് പരാജയപ്പെടുത്തിയിരുന്നത്. 2014ല്‍ മോദി തരംഗം ആഞ്ഞടിച്ചിട്ടും ഡല്‍ഹിയില്‍ നിന്നെത്തിയ ആം ആദ്മി പാര്‍ട്ടിക്കൊപ്പമായിരുന്നു പഞ്ചാബ്. അന്ന് കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി നേടിയത് നാല് സീറ്റുകളായിരുന്നു. അകാലിദളിന് നാലും ബി.ജെ.പിക്ക് രണ്ടും സീറ്റുകളും ആ തിരഞ്ഞെടുപ്പില്‍ ലഭിക്കുകയുണ്ടായി. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ ഒതുങ്ങിപ്പോയതും രാജ്യം കണ്ടതാണ്.

അതേസമയം 2019-ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആംആദ്മി പാര്‍ട്ടി എത്തിയെങ്കിലും അമരീന്ദര്‍ തയ്യാറായിരുന്നില്ല. അകാലിദള്‍- ബി.ജെ.പി സഖ്യത്തിനെതിരെ തനിച്ചു പോരാടാനുള്ള തീരുമാനമാണ് അമരീന്ദര്‍ സ്വീകരിച്ചിരുന്നത്. ഈ രാഷ്ട്രീയ തീരുമാനമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തവണ അമരീന്ദര്‍ സിങ് രൂപം നല്‍കിയ പഞ്ചാബ് ലോക് കോണ്‍ഗ്രസ് കോണ്‍ഗ്രസ്സിനു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.അമരീന്ദര്‍ ബി.ജെ.പിയുമായി സഖ്യം ചേരുമ്പോള്‍ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്. കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഭിന്നിച്ചാല്‍ ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

മോദി തരംഗത്തെ അതിജീവിച്ച് ഭരണം പിടിച്ചിരുന്ന മധ്യപ്രദേശും കര്‍ണാടകയും കൈവിട്ടതിനു പിന്നാലെ പഞ്ചാബും കൂടി നഷ്ടമായാല്‍ നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനാണ് അത് കനത്ത തിരിച്ചടിയാവുക. ജനപിന്തുണയുള്ള അമരീന്ദര്‍സിങിനെ കൈവിട്ടതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിയും വരും. കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തിയ ഗുലാംനബി ആസാദ് കപില്‍ സിബല്‍ അടക്കമുള്ള ജി 23 നേതാക്കളുടെ വാദങ്ങള്‍ക്ക് ഇത്തരമൊരു സാഹചര്യം കരുത്തുപകരുമെന്നതും ഉറപ്പാണ്. അതോടെ
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും കെ.സി വേണുഗോപാലും തെറിക്കും.

അകാലിദളുമായി സഖ്യമുണ്ടായപ്പോള്‍ ബി.ജെ.പി പരമാവധി മത്സരിച്ചിരുന്നത് 30 മുതല്‍ 35 സീറ്റുകളില്‍ മാത്രമായിരുന്നു. മൂന്നു മുതല്‍ 18 സീറ്റുകളില്‍ വരെ ബി.ജെ.പിക്ക് വിജയിക്കാനും സാധിച്ചിരുന്നു. ഇപ്പോള്‍ അമരീന്ദര്‍സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായുള്ള പുതിയ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളും മികച്ച വിജയവുമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ ലോക്ദളിനെ പിന്തള്ളി ബി.ജെ.പി മുന്നേറിയ രാഷ്ട്രീയ നീക്കം തന്നെയാണ് പഞ്ചാബിലും സംഘപരിവാര്‍ പയറ്റുന്നത്.

അതേസമയം പഞ്ചാബ് പി.സി.സി പ്രസിഡന്റ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത് ഛന്നിയും തമ്മില്‍ തല്ലുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം അമരീന്ദര്‍സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസിലേക്കാണ് ചേക്കേറുന്നത്. ഒരു കോണ്‍ഗ്രസ് മുന്‍ എം.പിയും ഒരു എം.എല്‍.എയും ശിരോമണി അകാലദളിലെ മൂന്ന് മുന്‍ എം.എല്‍എ.മാരുമാണ് ഒറ്റ ദിവസം കൊണ്ട് അമരീന്ദറിനൊപ്പം ചേര്‍ന്നിരിക്കുന്നത്.ഈ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് പഞ്ചാബിലെ കോണ്‍ഗ്രസിന്റെ കരുത്താണ് ചോര്‍ത്തിയിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് തടയിടാനുള്ള ഒരു നീക്കവും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവര്‍ അന്തംവിട്ട് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. സിദ്ദുവും മുഖ്യമന്ത്രി ഛന്നിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍പോലും കോണ്‍ഗ്രസ് ഹൈക്കമാന്റിനു ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചാബ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടാലും ബി.ജെ.പിക്ക് ലഭിക്കരുതേ എന്നതു മാത്രമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നിലവില്‍ ആഗ്രഹിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ദ്ധിക്കുന്നതും ഇവിടെയാണ്.

സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയാണ് ബി.ജെ.പി ഇത്തവണ പഞ്ചാബില്‍ എത്തുന്നത്. ഒന്നിനും ഒരു കുറവും ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി തന്നെ അമരീന്ദര്‍ സിംഗിന് ഉറപ്പും നല്‍കിയിട്ടുണ്ട്.
ബി.ജെ.പി സഖ്യം പഞ്ചാബ് പിടിച്ചാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ നീക്കത്തിന്റെ വിജയമായി കൂടിയാണ് വിലയിരുത്തപ്പെടുക. കോണ്‍ഗ്രസ് പതനത്തിന്റെ തുടര്‍ച്ചയും അതോടെ വേഗത്തില്‍ സംഭവിക്കും.

EXPRESS KERALA VIEW

Top