രാഷ്ട്രീയത്തിലെത്തും മുമ്പ് ജനപ്രിയ ഹാസ്യതാരം; ഇനി എഎപി മുഖ്യമന്ത്രി!

ചണ്ഡീഗഢ്: ‘സി. എം എന്ന വാക്കിന് കോമണ്‍ മാന്‍ എന്നാണ് അര്‍ഥം. എന്റെ ജീവിതത്തില്‍ എല്ലാ കാലവും പ്രശസ്തി പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാന്‍ വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയായാല്‍ തന്നെയും ജനങ്ങളെ വിട്ടൊഴിഞ്ഞു നില്‍ക്കില്ല. കാരണം ഇതൊന്നും പുതിയ അനുഭവമല്ല’ -ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ ഭഗവന്ത് മാന്‍ പറഞ്ഞതാണിത്. ആ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ പഞ്ചാബി ജനതക്ക് ഇനി ഒരുപാട് കാലം കാത്തിരിക്കേണ്ടി വരില്ല. ആപ്പ് അടിച്ചുവാരിയെടുത്ത പഞ്ചാബിന്റെ മണ്ണിനെ ഇനി ഭഗ്‌വന്ത് മാന്‍ നയിക്കും.

രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജനപ്രിയ ഹാസ്യതാരമായിരുന്ന ഭഗവന്ത് മന്ന് ഇനി എഎപി മുഖ്യമന്ത്രി!. പഴയ കോളജ് തല പരിപാടികളിലും യുവാക്കളുടെ കോമഡി മത്സരങ്ങളിലുമെല്ലാം തമാശ പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്ന മിന്നും താരമായിരുന്നു അദ്ദേഹം. ടിവി പരിപാടികളിലൂടെ കൂടുതല്‍ പ്രശസ്തനായ ഭഗവന്ത് മന്നിന്റെ കൈമുതല്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളായിരുന്നു. 1973 ഒക്ടോബര്‍ 17ന് പഞ്ചാബിലെ സങ്ക്റൂറില്‍ മൊഹീന്ദര്‍ സിങ്ങിന്റെയും ഹര്‍പല്‍ കൗറിന്റെയും മകനായാണ് മന്നിന്റെ ജനനം.

യൂത്ത് കോമഡി ഫെസ്റ്റിവലുകളിലും ഇന്റര്‍ കോളജ് മത്സരങ്ങളിലും മന്ന് വളരെ സജീവമായിരുന്നു. സുനമിലെ ഷഹീദ് ഉധം സിംഗ് ഗവണ്‍മെന്റ് കോളേജിനായി പട്യാലയിലെ പഞ്ചാബി യൂണിവേഴ്സിറ്റിയില്‍ നടന്ന മത്സരത്തില്‍ രണ്ട് സ്വര്‍ണ മെഡലുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു. അവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബിക്ക് വേണ്ടി ജുഗ്നു കെഹന്ദാ ഹേ എന്ന ടെലിവിഷന്‍ പ്രോഗ്രാം അവതരിപ്പിച്ചത്.

2006ല്‍ മന്നും ജഗ്ഗിയും നോ ലൈഫ് വിത്ത് വൈഫ് എന്ന ഷോയിലൂടെ കാനഡയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2008ല്‍, സ്റ്റാര്‍ പ്ലസിലെ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ചില്‍ മത്സരിച്ചതോടെയാണ് മന്നിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ബല്‍വന്ത് ദുല്ലത്ത് സംവിധാനം ചെയ്ത ‘മെയിന്‍ മാ പഞ്ചാബ് ഡീ’ എന്ന ചിത്രത്തിലും ഭഗവന്ത് മന്ന് അഭിനയിച്ചിട്ടുണ്ട്.

2011ലാണ് അദ്ദേഹം കോമഡി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പീപ്പിള്‍സ് ഓഫ് പഞ്ചാബിലെ അംഗമായിട്ടായിരുന്നു തുടക്കം. 2012ലെ പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ലെഹ്റഗാഗ അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ല്‍ അവിടെനിന്നും രാജിവെച്ച് ആപ്പില്‍ ചേര്‍ന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംഗ്രൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചു. 2014 മുതല്‍ ലോക്സഭാംഗമാണ്. അതിനിടെയാണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിയമസഭ മത്സരത്തില്‍ മാറ്റുരക്കാന്‍ നിയോഗമുണ്ടായത്.

 

Top