അപകീര്‍ത്തിപെടുത്തുന്ന പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ

facebook

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് മാത്രമല്ല അത്തരം പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുന്നു. അശ്ലീലമായതോ അധിക്ഷേപിക്കുന്നതോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് പുതിയ നിയമം.

മറ്റൊരാള്‍ എഴുതിയതിന് ലൈക്കും ഷെയറും നല്‍കുന്നവര്‍ അത് കൂടുതല്‍ പ്രചരിപ്പിക്കുകയാണ്. എഴുതിയ വ്യക്തിയെപോലെ തന്നെ ഉത്തരവാദിത്വമുണ്ട് അത് പ്രചരിപ്പിക്കുന്നവര്‍ക്കും. ആ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് സൈബര്‍ ഫൊറന്‍സിക് വിദഗ്ധനായ ഡോ. വിനോദ് ഭട്ടതിരിപ്പാട് ചൂണ്ടിക്കാണിക്കുന്നു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തല്‍ കേരളത്തില്‍ ഏറെ നടക്കുന്നുണ്ടെന്ന് സംസ്ഥാന ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഉന്നതോദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ പരാതി നല്‍കുന്നവര്‍ കേസ് കോടതിയിലെത്തുമ്പോള്‍ പിന്‍മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശ് ആണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാംസ്ഥാനത്ത്. 2639 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 13ാം സ്ഥാനത്താണ് കേരളം. സ്ത്രീത്വത്തെ അപമാനിച്ചതിന് 2016ല്‍ 28 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍

* അധിക്ഷേപിക്കുന്ന തരത്തിലോ അശ്ലീലച്ചുവയിലോ ഉള്ള കുറിപ്പുകള്‍, പോസ്റ്റുകള്‍.

* മറ്റൊരാള്‍ എഴുതിയ ഇത്തരം കുറിപ്പുകള്‍ക്കുള്ള ലൈക്കും ഷെയറും കമന്റും .

* അശ്ലീലമായതോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിവ പ്രചരിപ്പിക്കല്‍.

* മറ്റൊരാളുടെ സൈബര്‍ ഇടത്തിലേക്ക് അതിക്രമിച്ചുകയറല്‍.

സൈബര്‍ ആക്രമണങ്ങള്‍ പിഴയും തടവുമെല്ലാം കിട്ടാവുന്ന കുറ്റങ്ങളാണ്. നടിയെ അധിക്ഷേപിച്ച സംഭവം മൂന്നുവര്‍ഷം മുതല്‍ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

Top