പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് ശിക്ഷ; ധന്‍ബാദില്‍ ജീവനൊടുക്കി 10 ക്ലാസുകാരി

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു. ജീവനൊടുക്കി പത്താം ക്ലാസുകാരി. ഉഷാകുമാരി എന്ന 16കാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് പ്രാര്‍ത്ഥനാ സമയത്ത് അധ്യാപിക ശിക്ഷിക്കുകയും പ്രിന്‍സിപ്പല്‍ വഴക്ക് പറയുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.

സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഉഷാകുമാരി വീട്ടിലെ ഫാനില്‍ തൂങ്ങിയാണ് മരിച്ചത്. തെതുല്‍മാരി പൊലീസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും പെണ്‍കുട്ടിയുടെ യൂണിഫോമില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്‌കൂളിലെ അധ്യാപികയും പ്രിന്‍സിപ്പാലുമാണ് തന്നെ അപമാനിച്ചതെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടിയെ ശിക്ഷിച്ച അധ്യാപികയേയും പ്രിന്‍സിപ്പാളിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ അച്ചടക്കം പഠിപ്പിക്കാന്‍ കുട്ടികളുടെ മുടി മുറിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. സിബിഎസ്ഇ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന നോയിഡയിലെ ശാന്തി ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു സംഭവം. വിദ്യാലയത്തിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അധ്യാപിക സുഷമയ്ക്കാണ് വിവാദങ്ങള്‍ക്കും രക്ഷിതാക്കളുടെ പ്രതിഷേധത്തിനും ഒടുവില്‍ ജോലി നഷ്ടമായത്.

Top