സൈനികനെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഭാര്യ ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍

deadbody

പൂനെ: സോഡിയം സയനൈഡ് നല്‍കി സൈനികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ നാലുപേരെ അറസ്റ്റ് ചെയ്തു. മുപ്പത്തി എട്ടുകാരനായ സഞ്ജയ് ബോസലെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ ശീതളിന്റെ വിവാഹേതര ബന്ധം കണ്ടെത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശീതളും കാമുകന്‍ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലാവുന്നത്. അവധി ലഭിച്ച സഞ്ജയ് നവംബര്‍ ഏഴിനാണ് വീട്ടിലെത്തിയത്. യോഗേഷുമായുള്ള ബന്ധമറിഞ്ഞ ഇയാള്‍ ശീതളിനോട് ഇതേപറ്റി ചോദിച്ചു. പിന്നാലെ കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറാന്‍ സഞ്ജയ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ പ്രതീക്ഷിക്കാതെ ഉള്ള സഞ്ജയുടെ തീരുമാനം ശീതളിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളെ കൊല്ലാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സോഡിയം സയനൈഡ് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയാണ് ശീതള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.

സഞ്ജയുടെ കൊലപാതകത്തിന് പിന്നാലെ ശീതളിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുടുങ്ങുകയിരുന്നു. രണ്ടുവര്‍ഷമായി ശീതളും യോഗേഷും പ്രണയത്തിലായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും നവംബര്‍ പത്തൊമ്പത് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സഞ്ജയ്ക്കും ശീതളിനും പത്ത് വയസുള്ള ഒരു മകനും എട്ടുവയസുകാരിയായ മകളും ഉണ്ട്.

Top