പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം ഇനി ‘ഇൻസ്പിരേഷൻ ഡേ’യായി ആചരിക്കും

അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാറിന് ആദരമായി അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ മാർച്ച് 17 ‘ഇൻസ്പിരേഷൻ ഡേ’ ആയി ആചരിക്കുമെന്ന് കർണ്ണാടക സർക്കാർ. ജീവിതത്തിന്റെ ഒരു വലിയ ഭാഗവും കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെച്ച വ്യക്തിയായിരുന്നു പുനീത് രാജ് കുമാർ. ഒക്‌ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ വെച്ചായിരുന്നു പുനീതിന്റെ മരണം. ജിമ്മിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് നടന് സംസ്ഥാനത്തും ആരാധകർക്കിടയിലും ഉള്ളത്. മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ‘കർണാടക രത്‌ന’ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

‘അപ്പു’ എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു. ‘അഭി’, ‘അജയ്’, ‘അരസു’ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹൻലാലിനൊപ്പം അഭിനയിച്ച ‘മൈത്രി’ എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ‘യുവരത്ന’ എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. കന്നഡ സിനിമയിലെ പ്രശസ്തനായ നടൻ രാജ്കുമാറിന്റെ മകനാണ് പുനീത്.

 

Top