ലിറ്റിൽ സ്റ്റാറായെത്തി, പവർ സ്റ്റാറായ് സാൻഡൽവുഡ് കീഴടക്കി; പുനീതിന്റെ വേർപാട് തീരാനഷ്ടം

ബെംഗളൂരു: കന്നഡ സിനിമാലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് പുനീത് രാജ്കുമാറിന്റെ വിയോഗം. ബാലതാരമായെത്തി സാൻഡൽവുഡിൽ സജീവസാന്നിധ്യമായി മാറിയ പുനീത് അതിവേഗമാണ് കന്നഡിഗരുടെ ഹൃദയം കീഴടക്കിയത്. അച്ഛൻ രാജ്കുമാറിനോടുള്ള സ്നേഹവും ആദരവും ഒട്ടും ചോരാതെ കന്നഡ നാട് പകർന്നുനൽകിയത് പുനീതിനാണ്. സഹോദരനായ നടൻ ശിവരാജ് കുമാറിനെക്കാൾ ഒരുപടി മുന്നിലാണ് കന്നഡിഗർക്കിടയിൽ പുനീതിന്റെ സ്ഥാനം. എളിമയും വലിപ്പച്ചെറുപ്പങ്ങളില്ലാത്ത സൗഹൃദ മനോഭാവവും അദ്ദേഹത്തിന്റെ ആരാധകവൃന്ദങ്ങളുടെ വലിപ്പം വർധിപ്പിച്ചു.

2002-ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകപദവിയിലേക്ക് പുനീത് രാജ്കുമാർ വളരുന്നത്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തോടെ പുനീതിന് മറ്റൊരു പേരുകൂടി ലഭിച്ചു- അപ്പു. രാജ്കുമാറിന്റെ പഴയ ആരാധകരും വാത്സല്യത്തോടെ അപ്പുവെന്ന് വിളിച്ചുതുടങ്ങി. പിന്നീട് സൂപ്പർ സ്റ്റാറിൽനിന്ന് കർണാടകത്തിന്റെ പവർ സ്റ്റാറായി വളർന്നെങ്കിലും ആരാധകർക്കിടയിലുള്ള ആ വിളിപ്പേരിന് മാറ്റമുണ്ടായില്ല.

സിനിമ കൂടാതെ അദ്ദേഹത്തിന് പ്രശസ്തി നൽകിയത് ഒരു ടെലിവിഷൻ ഷോയാണ്. ‘കോൻ ബനേഗ ക്രോർപതി’യുടെ കന്നഡ പതിപ്പ്. സവിശേഷമായ അവതരണ രീതികൊണ്ടും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോടുള്ള ദയാപൂർവമായ ഇടപെടലുകൊണ്ടും പുനീതും ഷോയും സിനിമകളെ വെല്ലുന്ന സൂപ്പർ ഹിറ്റായി. കർണാടകത്തിലെ ടി.വി. ചാനലുകളുടെ റേറ്റിങ്ങിനെ മാറ്റിമറിച്ച ഷോയായിരുന്നു അത്. പിന്നീട് ഒരു അഭിമുഖത്തിൽ ഹിന്ദിയിൽ ഷോ അവതരിപ്പിച്ച അമിതാബ് ബച്ചനോടുള്ള ആരാധകനായതാണ് അവതാരകനെന്ന ചുമതല ഏറ്റെടുക്കാൻ ഇടയാക്കിയതെന്നാണ് പുനീത് പറഞ്ഞത്.

ഇടക്കാലത്ത് ചില സിനിമകൾ പരാജയപ്പെട്ടതോടെ പുനീതിനെ എഴുതിത്തള്ളിയവരുണ്ട്. എന്നാൽ ജാക്കി, പൃഥി തുടങ്ങിയ സിനിമകളിലൂടെ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

2017-ൽ ‘രാജകുമാര’ പുറത്തിറങ്ങിയതോടെ സാൻഡൽവുഡിന്റെ നാഴികക്കല്ലായി ഈ സിനിമ മാറുകയുംചെയ്തു. പുതുതലമുറയിൽ പെട്ടവർ അദ്ദേഹത്തോടൊപ്പം ചെറുവേഷങ്ങളിലെങ്കിലും അഭിനയിക്കാൻ വരിനിന്ന കാലമായിരുന്നു പിന്നീട്. കന്നഡ സിനിമയുടെ ഭാവിയെക്കുറിച്ചും ശോഭനമായ പ്രതീക്ഷയായിരുന്നു പുനീതിനുണ്ടായിരുന്നത്. മറ്റു പ്രാദേശിക ഭാഷാ സിനിമകളിൽ സംഭവിക്കുന്നതിന് സമാനമായി കന്നഡയിലും നവതരംഗ സിനിമകളെത്തുന്നുവെന്ന് അദ്ദേഹം പല വേദികളിലും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.

Top