ഭാരത് മാതാ കി ജയ് വിളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ നില്‍ക്കാനാവൂ: ധര്‍മേന്ദ്ര പ്രധാന്‍

പൂനെ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഭാരത് മാതാ കി ജയ് വിളിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്ന് ധര്‍മേന്ദ്ര പറഞ്ഞു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി(എബിവിപി)ന്റെ 54ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”നമ്മുടെ രാജ്യത്തിന് പുറത്ത് ഒരു ധര്‍മ്മശാല നിര്‍മ്മിക്കാന്‍ സാധിക്കുമോ? ആര്‍ക്കെങ്കിലും ഇന്ത്യയില്‍ വരാനോ ജീവിക്കാനോ സാധിക്കുമോ? നമ്മള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍, നിങ്ങള്‍ ഭാരത് മാതാ കി ജയ് വിളിക്കണം. അത്തരക്കാര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ”, ധര്‍മേന്ദ്ര പറഞ്ഞു.

രാജ്യത്താകമാനം 20 ലേറെ പേരാണ് പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ പല രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നവരെ തകര്‍ക്കണം. പൗരത്വത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ എബിവിപി എന്ന സംഘടനയുടെ ഉത്തരവാദിത്വം കൂടുകയാണെന്നും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇതിന് മറുപടി നല്‍കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

Top