പൂണെയില്‍ ഗവേഷക വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് സുഹൃത്ത്

പൂണെ: ഗവേഷക വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഹിംഗോലി സ്വദേശിയും പൂണെയില്‍ ഇന്റീരിയര്‍ ഡിസൈനറുമായ രവിരാജ് രാജ്കുമാര്‍ ഷിര്‍സാഗറി(24)നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിയായ സുദര്‍ശന്‍ ബാബുറാവു പണ്ഡിറ്റിനെ(30) പൂണെയിലെ പഷാന്‍ ഹില്ലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

ഗവേഷക വിദ്യാര്‍ഥിയായ സുദര്‍ശനും രവിരാജും സുഹൃത്തുക്കളായിരുന്നുവെന്നും സുദര്‍ശന്റെ വിവാഹം നിശ്ചയിച്ചതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഡേറ്റിങ് ആപ്പിലൂടെയാണ് പരസ്പരം പരിചയപ്പെട്ടത്. നിരവധി തവണ ഫോണിലൂടെയും അല്ലാതെയും പരസ്പരം സംസാരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇതിനിടെ സുദര്‍ശന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെച്ചൊല്ലി രവിരാജും സുദര്‍ശനും തമ്മില്‍ പലതവണ വഴക്കുണ്ടായി. ഇതോടെ രവിരാജില്‍ നിന്ന് സുദര്‍ശന്‍ അകലം പാലിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് ഫെബ്രുവരി 26-ന് രവിരാജ് സുദര്‍ശനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സുദര്‍ശന്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തലയും മുഖവും വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കൊലപാതകം നടന്ന ഫെബ്രുവരി 26-ന് ഇരുവരും പലതവണ ഫോണില്‍ സംസാരിച്ചതായി പൊലീസ്  കണ്ടെത്തി. രണ്ടു പേരും ഒരുമിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. രവിരാജിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ആശുപത്രി വിട്ടതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Top