ഫുട്ബോൾ മത്സരത്തിനിടെ റഫറിയെ തല്ലി; ഫുട്ബോൾ താരം വെടിയേറ്റു മരിച്ചനിലയിൽ

ബ്യൂനസ് ഐറിസ് : ഫുട്ബോൾ മത്സരത്തിനിടെ റഫറിയെ തല്ലിയ സംഭവത്തിൽ പ്രതിയായ യുവ ഫുട്ബോൾ താരത്തെ റെയിൽവേ സ്റ്റേഷനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. അർജന്റീനയിലെ യുവ ഫുട്ബോളർ വില്യംസ് അലക്സാണ്ടർ ടപോണിനെയാണു തലയ്ക്കു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽപെട്ട മനോവിഷമത്തിൽ വില്യംസ് ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ നിഗമനം.

പ്രാദേശിക ഫുട്ബോൾ മത്സരത്തിൽ കോർട്ടാഡ ടീമിന്റെ താരമായിരുന്നു വില്യംസ്. കഴിഞ്ഞ ദിവസം എൽ റിയുണൈറ്റഡ് ക്ലബ്ബിനെതിരായ മത്സരത്തിനിടെ റഫറി ക്രിസ്റ്റ്യൻ ഏരിയറിനെ താരം മർദിച്ചു. റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച താരം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. തലയിൽ മർദിച്ചതോടെ റഫറി അബോധാവസ്ഥയിലായി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം, റഫറി പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതോടെ വില്യംസ് അലക്സാണ്ടറിനെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. 10 മുതൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു താരത്തിനെതിരെ ചുമത്തിയിരുന്നത്. വില്യംസ് അലക്സാണ്ടറെ ഫുട്ബോളിൽനിന്ന് ആജീവനാന്തം വിലക്കാനും ശുപാർശ ചെയ്തിരുന്നു.

Top