പുനര്‍ജനി പദ്ധതി; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇഡി പരിശോധിക്കും.

 

വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. വിജിലന്‍സ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയതെന്നാണ് വിവരം.

 

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണം കഴമ്പുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞാല്‍ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. വിഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

 

Top