പുല്‍വാമ സ്‌ഫോടനം; ചാവേര്‍ താമസിച്ചിരുന്നത് സംഭവ സ്ഥലത്തിന് പത്ത് കിലോ മീറ്റര്‍ അകലെ

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ അക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദാര്‍ താമസിച്ചിരുന്നത് സ്ഫോടനം നടന്ന സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെ. ‘അദില്‍ അഹമ്മദ് ഗാഡി തക്റാനെവാല’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

പാകിസ്ഥാനിലെ തീവ്രവാദ സംഘടയില്‍പ്പെട്ടവരാണ് ആദിലിന് പ്രാഥമിക പരിശീലനം നല്‍കിയത്. സ്ഫോടനം നടന്ന് മിനിട്ടുകള്‍ക്കകം ജെയ്ഷ് ഇ മുഹമ്മദ് ആദിലിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഈ വീഡിയോ നിങ്ങള്‍ കാണുമ്പോഴേയ്ക്കും താന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുമെന്നും ഒരു വര്‍ഷം മുന്‍പാണ് താന്‍ ജയ്ഷ് ഇ മുഹമ്മദില്‍ ചേര്‍ന്നതെന്നും ആദില്‍ വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദക്ഷിണ കശ്മീരിലെ ഗുണ്ടിബാഗ് ഗ്രാമത്തിലെ താമസക്കാരനായിരുന്ന ആദില്‍ പതിനൊന്നാം ക്ലാസിലെ പഠനം ഉപേക്ഷിച്ചാണ് തീവ്രവാദ സംഘടനയില്‍ ചേരുന്നത്. താലിബാന്‍ യു.എസ് സൈന്യത്തിനു മേല്‍ നേടിയ വിജയമാണ് മനുഷ്യ ബോംബാകാന്‍ ആദിലിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു ദശാബ്ദത്തിനു ശേഷം കശ്മീരില്‍ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് വ്യാഴാഴ്ച നടന്നത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിലും പുല്‍വാമയില്‍ നടന്നതിനു സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് 38 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ ഉറിയില്‍ 19 സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തെക്കാള്‍ ശക്തമായിരുന്നു ശ്രീനഗറിലെ ആക്രമണം.

Top