പുല്‍വാമ ആക്രമണം; അഞ്ച് ഭീകരരില്‍ നാലുപേര്‍ കൊല്ലപ്പെട്ടു,ഒരാളെ അറസ്റ്റ് ചെയ്തെന്നും കേന്ദ്രം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരില്‍ നാലുപേരെ വധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

ദേശീയ ഏജന്‍സിയുടെ അന്വേഷണത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ജയ്ഷെ മുഹമ്മദാണെന്ന് വെളിപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ സിആര്‍പിഎഫ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ചാവേര്‍ ആയിരുന്നു. ഇയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റുള്ള മൂന്നുപേരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്വേഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 14 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ദേശീയ പാതയില്‍ വെച്ച് ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ മലയാളി ജവാനടക്കം 40 പട്ടാളക്കാരാണ് വീരമൃത്യു വരിച്ചത്.

Top