എന്‍ഐഎ ഇന്ന് ഭീകരാക്രമണം നടന്ന സ്ഥലം പരിശോധിക്കും; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ശ്രീനഗര്‍: രാജ്യത്തെ വിറപ്പിച്ച ഭീകരാക്രമണം നടന്ന ജമ്മുകശ്മീരില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്.

ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും കശ്മീര്‍ സന്ദര്‍ശിക്കും. രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സി.സി.എസ്) യോഗത്തിന് ശേഷമായിരിക്കും രാജ്നാഥ് സിങ് കശ്മീരിലെത്തുക. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ മന്ത്രിസഭാ സമിതി യോഗം വിലയിരുത്തും. രാവിലെ 9.15 ഓടെയാണ് യോഗം. പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ സിസിഎസിലെ അംഗങ്ങള്‍. ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്നാഥ് സിങ് കാണും.

ആക്രമണത്തിനു പിന്നാലെ തെക്കന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.ശ്രീനഗര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് ടുജി ആയും പരിമിതപ്പെടുത്തി

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ 39 സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ 350 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Top