അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ലോകരാജ്യങ്ങളെ ഒപ്പം നിര്‍ത്തി പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങള്‍ക്ക് ഇന്ത്യ തുടക്കമിട്ടു. ഇക്കാര്യത്തിനായി ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളുടെയും, ഗള്‍ഫ് രാജ്യങ്ങള്‍, ജപ്പാന്‍, യുറോപ്യന്‍ യൂണിയന്‍ എന്നി രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തും.

അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ നയതന്ത്രമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭീകരാക്രമണം സംബന്ധിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേപ്പറ്റിയും ഈ രാജ്യങ്ങളോട് ഇന്ത്യ വിശദീകരിക്കും. പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദത്തെപ്പറ്റി ഈ രാജ്യങ്ങള്‍ക്ക് ഇന്ത്യ വിശദാംശങ്ങള്‍ നല്‍കുമെന്നാണ് വിവരം.

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ എടുക്കാന്‍ തീരുമാനിച്ചത് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി യോഗത്തിലാണ്. ഇതിന് പിന്നാലെ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയുമായുള്ള വ്യാപരത്തില്‍ പാക്കിസ്ഥാന് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകും.

അതേസമയം ചൈന ഒഴികെയുള്ള രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് അനുകൂലമാണ്. ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസറിന്റെ കാര്യത്തില്‍ നിലപാടില്‍ നിന്ന് ചൈന പിന്നാക്കം പോയിട്ടില്ല. ചൈനയുടെ മേല്‍ നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും കേന്ദ്രസര്‍ക്കാരിനുണ്ട്.

Top