പുല്‍വാമ ഭീകരാക്രമണം ഒരാഴ്ച വൈകിച്ചു; കാരണം വ്യക്തമാക്കി വെളിപ്പെടുത്തല്‍

2019 ഫെബ്രുവരി 14നാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടത്തിയത്. ഇതിന് പകരമായി ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടി നല്‍കുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍ പോരാട്ടം യുദ്ധത്തിലേക്ക് വരെ നീങ്ങുന്ന ഘട്ടത്തിലെത്തിച്ച ആ ഭീകരാക്രമണം ഒരാഴ്ച വൈകിയാണ് നടന്നതെന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ജെയ്‌ഷെ പ്രവര്‍ത്തകന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വ്യക്തമാക്കി.

കാലാവസ്ഥ മോശമായതോടെയാണ് വാഹനവ്യൂഹങ്ങളുടെ നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. ഭീകരാക്രമണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും ഇതുമൂലം ജെയ്‌ഷെ ഭീകരര്‍ ജമ്മുശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹം നീങ്ങുന്നതിനായി കാത്തിരുന്നു. 40 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പിടിയിലായ ഷാകിര്‍ ബാഷിര്‍ മാഗ്രെയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പദ്ധതി തയ്യാറാക്കുന്നത് മുതല്‍ നടപ്പാക്കുന്നത് വരെ സജീവ പങ്കാളിയായ ഷാകിര്‍ മാഗ്രെയ്ക്ക് എല്ലാ വിവരങ്ങളും അറിയാമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായത്. ബോംബ് തരപ്പെടുത്തിയത് മുതല്‍ അത് ഘടിപ്പിക്കാനും, ചാവേര്‍ അദീല്‍ അഹമ്മദ് ധറിനെ സംരക്ഷിച്ചതിലും ഇയാള്‍ പങ്കെടുത്തു. പാക് ആസ്ഥാനമായ ഭീകരസംഘടന സിആര്‍പിഎഫ് വാഹനവ്യൂഹം മാത്രമാണ് ലക്ഷ്യംവെച്ചതെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ ഒരു വര്‍ഷം പൂര്‍ത്തിയായ ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വഴിയൊരുങ്ങി.

ചാവേര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ അഹമ്മദ് ധറിനെ സംരക്ഷിച്ച താരിഖ് അഹമ്മദ് ഷാ, മകള്‍ ഇന്‍ഷാ ജാന്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ജെയ്‌ഷെ ഭീകരരെ സംരക്ഷിച്ചതിന് പുറമെ പ്രാദേശിക കോണ്ടാക്ട് കൂടിയായിരുന്നു.

Top